Saturday, 15 June 2019

തീം, തരികിട തീം

കലാകാരന്മാരെക്കുറിച്ച് കലാകാരന്മാർ അല്ലാത്തവർക്കും അവർക്ക് തിരിച്ചങ്ങോട്ടും ഒരു വിസ്മയമാണ് . "എങ്ങിനെ ഇതൊക്കെ സാധിക്കുന്നു?" എന്നിങ്ങോട്ടും തിരിച്ചങ്ങോട്ട് "അതെന്താ, ഇതിലിത്ര അത്ഭുതം?" എന്നുമാണ് ചോദ്യം. ഈ രണ്ടു ചോദ്യങ്ങൾക്കും ഒരേ ഉത്തരമേ ഉള്ളൂ.
അദ്ധ്വാനം
ഒരാൾക്ക് അയാളുടെ മനസ്സിനു മേൽ എത്രമാത്രം ആധിപത്യം ഉണ്ടെന്ന് അറിയാൻ അയാളിലെ കലാകാരൻ എത്രമാത്രം പുറത്ത് വന്നു എന്ന് നോക്കിയാൽ  മതി.
കല ഒരു വലിയ അളവ് വരെ സാങ്കേതികത തന്നെയാണ്. അതിനുമപ്പുറത്ത് ക്രിക്കറ്റിലും ബാഡ്മിന്റണിലും  ഒക്കെ ഉള്ളതുപോലെ തന്നെ സർഗ്ഗാത്മകതയാണ്. എതിരാളിയെ മനസ്സിലാക്കി, അയാൾ എത്ര വലിയവൻ ആയാലും, അയാളെ വീഴ്ത്താനുള്ള അടവുകൾ കണ്ടെത്താനുള്ള കഴിവാണ് അതു കഴിഞ്ഞാൽ വേണ്ടത്.
എഴുതാൻ അധികം ആർക്കും കഴിവില്ല എന്ന ചിന്ത ഉണ്ടെങ്കിൽ നെറ്റിലെ സാഹിത്യ ഗ്രൂപ്പുകളിലൂടെ ഒന്ന് കണ്ണോടിച്ചാൽ മതി, വിദ്യാഭ്യാസയോഗ്യതയുടെ അതിർവരമ്പുകൾ ഇല്ലാതെ എത്രയെത്ര എഴുത്തുകാർ! കണ്ണോടിക്കുന്നതിന് പകരം വായിക്കാൻ കൂടി മിനക്കെട്ടാൽ ഒരു ദുഃഖസത്യം മനസ്സിലാകും. പറയാനറിയാം, പക്ഷെ പറയാനൊന്നുമില്ല.
തീം വെറും തരികിട ആയിപ്പോകുന്നു.
ആശയദാരിദ്ര്യം അല്ലെങ്കിൽ  വിഷയദാരിദ്ര്യം.  
കഥകൾക്ക്  പലപ്പോഴും വേണ്ടത്ര അംഗീകാരം കിട്ടാതെ പോകുന്നതും മനസ്സില്ലാമനസ്സോടെ പലരും 'നല്ല കഥ, ധാരാളം ഇനിയും എഴുതൂ, വായിക്കുകേം ചെയ്‌യൂ' എന്നൊക്കെ  കമന്റിടേണ്ടി വരുന്നതും മിക്കപ്പോഴും രചനാരീതിയുടെ പോരായ്മ കൊണ്ടല്ല. അഥവാ രചനാ രീതിയുടെ പോരായ്മ കൊണ്ടാണെങ്കിലും അത് പറയാൻ ഒന്നും ഇല്ലാതെ പോയതിന്റെ പരിണതഫലമാണ്.  വായന, യാത്ര, സൗഹൃദം, ചിന്ത, ആക്ടിവിസം എന്നിവയിലൂടെയൊക്കെ ഇത് പരിഹരിക്കാം. വീട് വിട്ടിറങ്ങാത്ത ജെയിൻ ഓസ്റ്റിനാണ് (Jane Austen) ഇംഗ്ലീഷിലെ പ്രശസ്തയായ ഒരു നോവലിസ്റ്റ്. അവരുടെ ചില ഉദ്ധരണികൾ താഴെ കൊടുക്കുന്നു. തർജ്ജമയിൽ ഇവ മങ്ങും. അതുകൊണ്ട് അതിന് ശ്രമിക്കുന്നില്ല.

It is a truth universally acknowledged, that a single man in possession of a good fortune, must be in want of a wife.
If I loved you less, I might be able to talk about it more.

Friendship is certainly the finest balm for the pangs of disappointed love.
Happiness in marriage is entirely a matter of chance.
For what do we live, but to make sport for our neighbors and laugh at them in our turn?

എന്താണ് കഥാകാരന് ഇത്രയും പറയാനുള്ളത്?
കലാകാരന്മാർ പൊതുവെ ഫ്രീക്കന്മാരാണ്, സ്വതന്ത്രമായി പറക്കുന്ന പക്ഷികളാണ്. സ്വതന്ത്രമായി പറക്കുന്നതുകൊണ്ട് അവർ പറക്കുന്നത് പലപ്പോഴും കൂട്ടത്തിനും വളരെ മുൻപിലായി പോകും, ഉയരത്തിലും . സി രാധാകൃഷ്ണന്റെ ഒരു നോവലിന്റെ പേരുപോലും "മുൻപേ പറക്കുന്ന പക്ഷികൾ" എന്നാണ്. ഇതുകൊണ്ടാണ് ഇന്ന് വളരെ കാര്യമാത്രപ്രസക്തമായ ഒരു കഥ വിശുദ്ധ പശുവിനെ കുറിച്ച്  രണ്ടു ദശാബ്ദങ്ങൾക്ക് മുമ്പേ തന്നെ മാധവിക്കുട്ടിക്ക് എഴുതാൻ കഴിഞ്ഞത്.
ഇങ്ങനെയുള്ള വിഹഗവീക്ഷണത്തിലൂടെ കാണുന്ന ദർശനങ്ങൾ ആർക്കെങ്കിലുമൊക്കെ പകർന്നു കൊടുക്കാനാണ് കലാകാരന്റെ ശ്രമം. ആ കാര്യങ്ങളെ കുറിച്ച് അവർ ഗിരിപ്രഭാഷണവും മൈതാനപ്രസംഗവും  ഒന്നും നടത്തുകയില്ല. കൃസ്തു നടത്തിയ ഗിരിപ്രഭാഷണവും കൃഷ്ണൻ നടത്തിയ യുദ്ധമൈതാനപ്രസംഗവും  അത്ര വലിയ ഫലമൊന്നും ഉണ്ടാക്കിയില്ലെന്ന് അവർക്കും നമുക്കും അറിയാം. വെനീസിലെ വ്യാപാരിയിൽ പോർഷ്യയെ കൊണ്ട് ഷേക്സ്പിയർ ഇത് പറയിക്കുന്നുമുണ്ട്, "ഇരുപതുപേരെ വേണമെങ്കിൽ ഞാൻ പഠിപ്പിക്കാം, പക്ഷെ അവരിലൊരാളായി അതൊക്കെ നടപ്പാക്കാൻ ഞാനില്ല."
അതുകൊണ്ടു പ്രസംഗം മാറ്റിവെച്ച്  കഥാകാരൻ കലയുടെ പാത തിരഞ്ഞെടുക്കുന്നു.  കഴിവില്ലാത്ത കലാകാരന്മാർ കലയുടെയും സാഹിത്യത്തിന്റെയും കഴിവുകളിൽ വിശ്വാസം പോരാഞ്ഞ് സര്ഗാത്മകതയിൽ കുളിച്ച പ്രസംഗങ്ങൾ നടത്തുന്നു.  കഴിവുള്ളവർ അവരുടെ പ്രസംഗം കഥയിലും മറ്റും നടത്തുമെങ്കിലും അത് സമർഥമായി മറച്ചു വെയ്ക്കും. പിന്നെ വേറെ ചിലരുണ്ട്. അവർക്ക് കലയുടെ സ്ഫുടനം ചെയ്യാനുള്ള കഴിവിൽ അങ്ങേയറ്റം വിശ്വാസമാണ്. അവരുടെ കലയിൽ ഒരു പ്രസംഗവും ഒളിഞ്ഞോ തെളിഞ്ഞോ കാണില്ല . പക്ഷെ ആ കലാപ്രകടനത്തിന്റെ ആസ്വാദനത്തിലൂടെ  നമ്മുടെ  മനസ്സ് സ്വയം സ്ഫുടം ചെയ്‌തെടുക്കപ്പെടും എന്നവർക്ക് ഉത്തമ വിശ്വാസം ഉണ്ട്. ആധുനികർ പലരും  ഇങ്ങനെയാണ്.
കലാകാരനറിയാം, തങ്ങളെ പോലെ ജീവിതത്തെ നേരിട്ട് കണ്ട് അതിന്റെ അർഥം ചികഞ്ഞെടുക്കാനൊന്നും സാധാരണ ജനങ്ങൾക്ക് കഴിയില്ലെന്ന്. 700 കോടിയിലധികം ജനങ്ങളുള്ള ഈ ലോകം അങ്ങേയറ്റം സങ്കീർണ്ണമാണ്. അതുകൊണ്ടു സിൽവിയ പ്ളാത്ത് തന്റെ സ്നേയ്ക്ചാർമർ (Snakecharmer, Sylvia Plath) എന്ന കവിതയിൽ പറയുന്നപോലെ ദൈവം ഒരു ലോകം സൃഷ്ടിക്കുമ്പോൾ കലാകാരൻ വേറൊരു ചെറിയ ലോകം സൃഷ്ടിക്കുന്നു. പത്തോ പതിനഞ്ചോ ആളുകളുടെ ഒരു ലോകം. അവരുടെ പ്രവൃത്തികളും സംസാരവും ചിന്തയുമെല്ലാം ശ്രദ്ധയോടെ തിരഞ്ഞെടുക്കുന്നു. വൃഥാസ്ഥൂലതയെല്ലാം മുറിച്ച് മാറ്റി ചിന്തേരിട്ടു മിനുക്കുന്നു. ഇപ്പോൾ രംഗം വളരെ ലളിതമായി. ഒന്ന് ശ്രദ്ധിച്ചാൽ ആർക്കും മനസ്സിലാകും എന്താണ് കളിയെന്ന്.
കഥകൾ എഴുതാൻ തുടങ്ങുമ്പോൾ താഴെ കൊടുക്കുന്ന  ചെക്ക് ലിസ്റ്റ് ഗുണം ചെയ്തേക്കാം:
  1. എനിക്കെന്തെങ്കിലും പുതിയതായി പറയാൻ ഉണ്ടോ?
  2. ഇല്ലെങ്കിൽ പഴയതു പറയാൻ എനിക്ക് പുതിയ രീതികൾ ഉണ്ടോ? 
  3. ഞാൻ പറയുന്നത് നേരത്തേ പലരും ഇതേ രീതിയിൽ പറഞ്ഞതാണോ?
  4. എനിക്ക് പറയാനുള്ളത് ശരിക്കും കാര്യമാത്രപ്രസക്തമാണോ?
  5. ഇത് വ്യക്തിപരമായ ഒരു പ്രശ്നമാണോ?
  6. ഇത് വായിക്കുമ്പോൾ ഇതിന് തന്റെ പ്രശ്നങ്ങളുമായി സാരമായ സാമ്യം വായനക്കാരന് തോന്നുമോ?
  7. എന്റെ ആശയം പുതിയതെങ്കിലും രചനാരീതി പഴയതാണോ?
  8. എന്റെ രചനാരീതി പുതിയതെങ്കിലും ആശയം പഴയതാണോ?
  9. വേറെ എവിടെയെങ്കിലും വായിച്ചതോ സിനിമയിൽ കണ്ടതോ അറിയാതെ മനസ്സിൽ കിടന്ന് എന്റെ സ്വന്തം ആശയം പോലെ പൊങ്ങിവന്നതാണോ?
  10. കഥയിലുടനീളം വായനക്കാരനെ ഉണർത്തിയിരുത്താൻ തക്ക suprises ഉൾപ്പെടുത്തിയിട്ടുണ്ടോ?
  11. സ്വപ്‌നമാണെന്ന്‌ പറഞ്ഞു ഒടുവിൽ വായനക്കാരനെ വഞ്ചിക്കാനാണോ എന്റെ പ്ളാൻ?
  12. ഒരു പത്രവാർത്ത അല്ലെങ്കിൽ നേരിട്ടറിഞ്ഞ ഒരു സംഭവം വേണ്ടത്ര ഉടച്ചുവാർക്കാതെ വിളമ്പുകയാണോ?
  13. മനുഷ്യ പുരോഗതിയെ പിന്നോട്ട് വലിക്കാനാണോ എന്റെ കഥയിലൂടെ ഞാൻ ശ്രമിക്കുന്നത്? 
  14. ഇതേ കഥ ഇതിലും നന്നായി ലോകത്ത് തന്നെ മറ്റൊരാൾക്ക് പറയാൻ കഴിയുമോ? എങ്കിൽ എന്തുകൊണ്ട് എനിക്ക് അതിനു കഴിയുന്നില്ല?
  15. ഞാൻ തന്നെ ഈ കഥ അഞ്ചു തവണ വായിച്ചാൽ അഞ്ചാമത്തെ തവണയും ആസ്വദിക്കുമോ?
  16. എഡിറ്റിംഗ് നടത്തിയ ശേഷം  പൂർണ്ണമായ അവസ്ഥയിൽ ഈ കഥ ഞാൻ ഒറ്റ ഇരുപ്പിൽ വായിച്ചോ? 
  17. ഇത് എഴുതാതിരിക്കാൻ എനിക്ക് കഴിയുമായിരുന്നോ?
  18. വായനക്കാരന്റെ സമയം വിലയേറിയതാണെന്ന് ഞാൻ കരുതുന്നുണ്ടോ?
  19. വേറെ ഒരാൾ ഈ കഥ എഴുതിയിരുന്നെങ്കിൽ ഇത് വായിക്കാൻ ഞാൻ സമയം ചിലവാക്കുമോ?
  20. ഇത് വായിക്കുമ്പോൾ എനിക്ക് പോലും ഉള്ളിൽ നിന്ന് പ്രതികരണം ഉണ്ടാകുന്നുണ്ടോ ?
ഇത്രയും ചോദ്യങ്ങൾ സ്വയം ചോദിച്ചാൽ നമ്മുടെ കഥയുടെ ഒരു ഏകദേശനിലവാരം നമുക്ക് തന്നെ തിരിച്ചറിയാം. ഈ ചോദ്യങ്ങൾക്കെല്ലാം തൃപ്തികരമായ ഉത്തരം വേണമെന്നില്ല. പലതിന്റെയും ഉത്തരം നമ്മൾ പറയുന്നതും ഈ കഥ വായിച്ച ഒരു നല്ല സുഹൃത്ത് പറയുന്നതും തമ്മിൽ വ്യത്യാസം ഉണ്ടാകും . അങ്ങിനെ ഒരു സുഹൃത്തുണ്ടെങ്കിൽ അവർ വായിച്ച് പറയുന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിലവെയ്ക്കുന്നത് നല്ലതാണ്.
 

Friday, 14 June 2019

Somerset Maugham's short story Salvatore is an example of how a writer uses craft to suceed in the art not only of story telling but of make-belief as well. The story is well structured and each element of  story such as theme, characters, settings, plot and tone are well chosen after much deliberation.
Rather than a plot what we have here is an understatement of a plot. There is no widning plot as such and the events are more or less insignificant though they are given in detail.
The theme as is given out at the end is the exuberance of goodness in an orndianry person. Even when his fate is out to get him, Salvatore shows stoicism and mettle to keep it at bay.
The plot is kep simple. While serving in the military in China, Salvatore falls ill. Consequently, the woman he wants to marry refuses to marry him because she is afraid he will not be strong enough to work. Rather than wallow in self-pity, Salvatore agrees to marry Assunta, a woman he claims is "as ugly as the devil," and he then faces life with determination and "the most beautiful manners I [the author] had ever seen in my life." Though he does not live the life he imagined, Salvatore comports himself with goodwill and makes the most of his marriage, his job as a fisherman, and his children.
Among more than half a dozen characters, Salvatore, the protagonist stands out as a round character who is chiselled to perfection by life's experiences. Even thouugh he appears to be a weakling in the beginning, we eventually find that his weakness is only apparent. His power is the power of flowing water and he himself is in the flow of life. He takes life as it comes. If at all a plan, fails he waits for the next turn to show up.
There is not much in the way of settings or dialogure and the linear narration flows like that of a fairy tale. The writer narrates the story from the third person point of view, as life is experienced by Salvatore. However, at times the author takes the points of view of the minor characters. This cannto be considered the ominscient point of view because we don't get to know much about what happens in the mind of the characters other than what the express through their actions.
The style is rather detached to the point of being journalistic. The form, multiple view point linear narration with no flashback is made use of so effectively. We are made to feel that the writer is only reporting a real life event. Even when a writer does so, we can only afford to consider it as a creative attempt. ITg does not matter much if he tale really happened. For the writer it is a created story, so to speak. This has a really huge impact on the reader even if it is a famous part of history. Playing on this advantage, Maugham relates the story as if it had happened as such.
In this story, from the very first sentence to the last paragraph in which the writer gives us the idea that the story is about the goodness in the central character, we are made to believe that the  writer is only a reporter and he has not altered the even much at all. Details which are not absolutely necessary are splashed all over the story, right from what the characters are wearing, to the random comment of the foreigners about the fishermen being lazy, the story is made to sound not just realistic but naturalistic as well.
The end effect is that, instead of the  readers dismissing the ideal of absolute goodness which can happen only in sentimetal fiction and popular movies, the readers are made to think that it is a possible ideal followed by someone who is physically weak and has had a tragedy in his younger days. This is a challenge posed by the writer to make the readers consider living such a life and that is where the story succeeds. The writes gets to make the reader fall for his magic of story telling

Monday, 10 June 2019

നില്ല്, ഞാനൊരു നോവലെഴുതീട്ട് വരാം



ചെറുകഥകളും കവിതകളുമൊക്കെ എത്ര എഴുതിയിട്ടും ഒരു കാര്യവുമില്ല. ഒരു നോവൽ എഴുതിയാലെ നിങ്ങൾ ഒരു ഫുൾ എഴുത്തുകാരനാണെന്ന് നാട്ടുകാരും കൂട്ടുകാരുമൊക്കെ അംഗീകരിക്കൂ. അതിന്റെ കാരണം ലളിതമാണ് കഥയും കവിതയും ഒന്നും എഴുതാൻ ഒരു ഫുൾ നോവൽ എഴുതുന്ന പോലെ നീണ്ടകാലയളവ് വേണ്ട.
എഴുതാനുള്ള ആവേശമൊക്കെ അൽപ്പായുസ്സാണ്. ഒന്നോ രണ്ടോ ദിവസമൊക്കേ നിന്നെന്നിരിക്കൂ. അതിനുള്ളിലൊക്കെ ഒന്നോ രണ്ടോ കഥയോ ഒരു ഡസൻ കവിതയോ നടക്കും. നോവലിന് ഒരു മാസമൊക്കെ വേണം. അത്രയും കാലം ആരംഭശൂരത്വം നിൽക്കണമെന്നുണ്ടെങ്കിൽ അത് വെറും ശൂരത്വം ആയിരിക്കില്ല. നിങ്ങൾ രണ്ടും കൽപ്പിച്ച് തന്നെയാണ്. ഈശ്വരാ രക്ഷിക്കണേ, ഇവൻ എഴുത്തുകാരൻ തന്നെ, സംശയമില്ല.

എനിക്കും തോന്നി ഒരു നോവൽ എഴുതിക്കളയാമെന്ന്. കാര്യം വേറെ ഒന്നുമല്ല. എഴുതാൻ അത്രയ്ക്കങ്ങ് ആവേശം ഉണ്ടായിട്ടൊന്നുമല്ല. വേറെ ഒരാളുടെ പേരിൽ ഒരു നോവൽ എഴുതിക്കൊടുത്താൽ കാശ് തരാമെന്നു പറഞ്ഞു. എന്റെ രണ്ട്‌ മാസത്തെ ശമ്പളം! എപ്പോ എഴുതീന്ന് ചോദിച്ചാ മതി

ഒരു ഡിസംബർ വെക്കേഷൻ. പത്ത് ദിവസം ഉണ്ട്. പകുതി എങ്കിലും ആക്കിയാൽ പിന്നെ ഒരു ഇരുപതു ദിവസം എടുത്താൽ തീർക്കാം. ഇംഗ്ലീഷിലാണ്. അതുകൊണ്ട് ഹിന്ദു പത്രത്തിന്റെ എഡിറ്ററെ തന്നെ തിരുത്താൻ ഏർപ്പാടാക്കി. ഇംഗ്ലീഷ് മാഷൊക്കെയാണ് കാര്യം ഉള്ളത് തന്നെ. തെറ്റു വരുത്തുന്നതിൽ ഒട്ടും പിശുക്ക് ഞാൻ കാണിക്കാറില്ല. ഒരു പ്ലാനും പദ്ധതിയും ഉണ്ടാക്കി എടുത്ത്. അത് സന്തോഷപൂർവ്വം എന്റെ സ്നേഹിതർക്കായി ഇവിടെ ഷെയർ ചെയ്യുന്നു.

തീം പുള്ളിക്കാരൻ തന്നെ പറഞ്ഞു. അത് ഇവിടെ പറയുന്നത് ഞങ്ങൾ തമ്മിലുള്ള എഗ്രിമെന്റിന്റെ ലംഘനമാണ്.

അതുകൊണ്ടു വേറെ ഒരു നോവൽ ഉദാഹരണമായി സ്വീകരിക്കുന്നു. ഈ നോവൽ പ്രൈവറ്റ് സ്കൂൾ അധ്യാപകരുടെ ജീവിതത്തെ കുറിച്ചാണ്. വിധവയായ ഒരു അധ്യാപികയും അവരുടെ കുട്ടിയുടെ തീരെ ചെറുപ്പക്കാരനായ ഒരു കമ്പ്യൂട്ടർ ടീച്ചറും തമ്മിലുള്ള പ്രണയമാണ് കഥാതന്തു. അദ്ധ്യാപകരുടെ ജീവിതമാണ് എനിക്ക് പറയേണ്ടത്. എനിക്ക് നേരിട്ടറിയാവുന്ന കുറെ ഗ്രീക്ക് ട്രാജഡികൾ സ്‌കൂളുകളിൽ ഉണ്ടായിട്ടുള്ളത് അറിയാം. ഗുരുവിനോടുള്ള ബഹുമാനമെന്നൊക്കെ പറയുന്നത് വെറുതെ. കഷ്ടമാണ് അവരുടെ ജീവിതം . തുണിക്കടയിലെ സെയിൽസ് ഗേൾസിന് കിട്ടുന്ന ശമ്പളം പോലുമില്ല. പ്രണയകഥ അതിനുള്ള ഒരു എസ്ക്യൂസ് മാത്രം .

ആദ്യം കഥാപാത്രങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി. പേപ്പറിൽ എഴുതിയിട്ടു. അവരെ ആ പ്രണയകഥയിലും  പരിസരത്തും  വേണ്ടപോലെ തിരുകി കയറ്റി. പിന്നെ ഈ കഥയെ ഒരു പാരഗ്രാഫ് ആയി എഴുതി. സിനിമയുടെ കഥ ചുരുക്കി എഴുതുന്ന പോലെ. വർത്തമാന കാലത്തിലാണ് ആഖ്യാനം. ഇങ്ങനെ എഴുതുമ്പോൾ വാചകങ്ങൾക്ക് ഒരു പ്രത്യേകത വേണം . അവ ഒന്നിൽ നിന്ന് ഒന്നിലേക്ക് ഒഴുകരുത് . ഓരോ വാചകവും സ്റ്റാൻഡ് aloof ആയിരിക്കണം . 'അങ്ങനെ, അതുകൊണ്ടു, ഉടനെ, തത്‌ഫലമായി, എന്നിട്ടും, അതിനുശേഷം' എന്നിങ്ങനെയുള്ള വാക്കുകൾ (discourse markers) ഉപയോഗിക്കരുത്. ഈ ഓരോ വാചകവും നിങ്ങളുടെ ഓരോ പാരഗ്രാഫ് ആണ് . ഞാൻ ഒരു രസത്തിനായി ഓരോ അധ്യായത്തിനും ഒരു പ്രത്യേക രീതിയിൽ പേരും ഇട്ടു. ഓരോ പേരും ഒരു സ്‌കൂളിലെ ഓരോ മുറികളും സ്ഥലങ്ങളുമാണ്. ഒരു സ്ഥലത്ത് വെച്ച് രണ്ടു സംഭവങ്ങൾ ഉണ്ടാകാത്ത രീതിയിൽ rearrange ചെയ്തു.
പിന്നെയും ഓരോ വാചകത്തിലും ചില മിനുക്കു പണികൾ ഒക്കെ നടത്തി. അതുകഴിഞ്ഞ് ഈ ഓരോ വാചകവും താഴെ താഴെ എഴുതി. ഓരോന്നിനും നേരെ ആ അധ്യായത്തിന്റെ പേര് പ്രധാന വികാരം ലക്‌ഷ്യം എന്നിവ കുറിച്ചിട്ടു .
1. സ്‌കൂൾ തുറക്കുന്ന ദിവസം. പരിചയപ്പെടൽ . അവധിക്കാല വിശേഷങ്ങൾ തിരക്കൽ. വാർത്തകൾ എന്നിവ . 
 (സ്റ്റാഫ് റൂം -- സന്തോഷം --കഥാപാത്രങ്ങളെ അവതരിപ്പിക്കൽ)
2 . ലേഖയുടെ കുട്ടി മറിഞ്ഞുവീണു തലപൊട്ടുന്നു. അനീഷ് കുട്ടിയ്ക്ക് ഫസ്റ്റ് എയ്ഡ് കൊടുക്കുന്നു  . ലേഖ കുട്ടിയേയും കൂട്ടി ആശുപത്രിയിലേയ്ക്ക് (പ്ലേയ് ഗ്രൗണ്ട്-- ഭയം-- ആദ്യത്തെ കോൺഫ്ലിക്റ്റ് )
ഇങ്ങനെ പോകുന്നു 30 വരികൾ. അതുകഴിഞ്ഞ് ആകെ ഈ വരികൾ ഒന്ന് മാറ്റി മറിച്ചു. ഫ്ലാഷ് ബാക്ക് ഒക്കെ ചേർത്തു . മൂന്ന് അദ്ധ്യായങ്ങൾ മുറിച്ച് ഏഴാക്കി.
ഇതൊക്കെ ഒരുദിവസം ഉച്ചകൊണ്ട് കഴിഞ്ഞു . ഊണും കഴിഞ്ഞ് കിടന്നുറങ്ങി . വൈകിട്ട് ഉണർന്ന് ചായയും  കുടിച്ച് നടക്കാൻ പോയി . ഹോ ഒരു നോവലിസ്റ്റ് ആണ് ഈ വരുന്നത് . വേണേൽ പരിചയപ്പെടാം. വിരോധമില്ല .
അടുത്ത ദിവസം നല്ല കട്ടിയുള്ള A4 ഷീറ്റുകളുമായി എഴുതാൻ ഇരുന്നു. തലേന്നത്തെ പേപ്പറിൽ നിന്ന് ആദ്യത്തെ വരി ഒരു പുതിയ ഷീറ്റിന്റെ ടോപ്പിൽ  പകർത്തി എഴുതി .
പിന്നെ അന്നുമൊത്തം അത്  പരത്തി അങ്ങെഴുതി . അടുത്ത ദിവസം രണ്ടാമത്തെ വരിയല്ല വിവരിച്ചത് . ആവേശം കയറി 17 മത്തെ അധ്യായം എഴുതി. അങ്ങനെ 46 ദിവസം കൊണ്ട് അത് തീർത്തു. 55,000 വാക്കുകൾ .
ഈ നോവൽ ഇതുവരെയും പ്രസിദ്ധീകരിച്ചില്ല . ഇംഗ്ലീഷ് നോവൽ വിറ്റു കാശാക്കി. അയാൾ അതുകൊണ്ടുപോയി സ്വന്തം പേരിൽ ഇറക്കി കാശു കളഞ്ഞു കാണും . ഇതൊക്കെ ആര് കാശുകൊടുത്തു വാങ്ങാൻ ! കഴിഞ്ഞ ഓണത്തിന് ഒരു നോവലെറ്റും എന്റെ പേരിൽ തന്നെ പ്രസിദ്ധീകരിച്ചു. വരികക്കാർ നല്ല കാശ് തന്നു . എഴുതിത്തുടങ്ങുന്ന കാലത്ത് എഴുതിക്കിട്ടുന്ന കാശുകൊണ്ട് ഒരു ഷീഫേഴ്‌സ് പേന വാങ്ങണം എന്നായിരുന്നു വലിയ സ്വപ്നം .
ചുരുക്കട്ടെ
ഇങ്ങനെ ഒരു പ്ളാൻ വെച്ച് എഴുതിയാൽ കണ്ടിന്യൂയിറ്റി പോകില്ല . കൃത്യമായി പണി നടക്കും . ഗ്രൂപ്പുകളിലും എഴുതാം . പിന്നെ പുസ്തകം ആകാമല്ലോ
അപ്പോൾ തുടങ്ങുവല്ലേ

Saturday, 8 June 2019

സിന്ധുല രഘുവിന്റെ കവിത രതിയുടെ വിധവകൾ ഒരു പഠനം


രതിയുടെ വിധവകൾ
(സിന്ധുല രഘു)
=================
നിശ്ശബ്ദത തൂക്കിയിട്ട
വേശ്യകളുടെ തെരുവിൽ
ഇരുട്ടിന്റെ മറപറ്റി
തീപിടിച്ച കാമത്തിന്റെ
ചങ്ങലക്കെട്ടുകൾ.
ഞരമ്പുകളിൽ കവിതയെഴുതി
ഉടലിനെ പൂവാക്കി
രതി ഞൊറിടുത്തുടുത്ത്
ഒഴുക്ക് മരിച്ച ഇമകളാൽ വിലപേശി
നോവിന്റെ നോമ്പെടുത്തവർ
ഇരുട്ടിൽ തൂവലുകൾ
നിരന്തരം അടർന്ന്
മെതികഴിഞ്ഞ കറ്റപോൽ
ഇറ്റുപോയ ചുണ്ടുകളിൽ
പേരുകൾ മറന്നുപോയവർ
നീട്ടിയിട്ട ചിന്തേരാൽ
ചാലുകീറിയ മെഴുകുതിരി
ആറ്റിയെടുത്ത ശില്പംപോൽ
രൂപത്തിന്റെ പടം പൊഴിച്ച
ഭ്രാന്തിന്റെ വിധവകൾ..!
മുടിയഴിച്ച രാത്രിയിൽ
കടിഞ്ഞാൺ പൊട്ടിയ
കുതിരകൾക്ക്
ഉടൽ തുറന്നു വെച്ച്
രതിയുടെ പുസ്തകങ്ങൾ.!
കനവുകത്തിയ തെരുവിൽ നിന്ന്
പൊള്ളിയുരുകിയ നാഭിച്ചുഴി
മൊത്തിക്കുടിച്ച്
സദാചാരത്തിന്റെ സുവിശേഷകർ..

പൂനയിൽ ജോലി ചെയ്യുമ്പോൾ എന്റെ ഒരു സുഹൃത്തിന് ചുവന്ന തെരുവിൽ കൂടെക്കൂടെ പോകണം. ഭയം കൊണ്ട് എനിക്കാണെങ്കിൽ കെട്ടുകാഴ്ച കാണാനല്ലാതെ ഉത്സവത്തിൽ പങ്കെടുക്കാൻ തോന്നിയിട്ടുമില്ല, ഒരിക്കൽ പോലും. അങ്ങിനെ അവന്റെ എണ്ണമൊടുങ്ങാത്ത എത്രയെത്ര മണിയറയ്ക്കാണ് കാവലിരുന്നിട്ടുള്ളതെന്നോ! അവിടെ അങ്ങനെയിരിക്കുമ്പോൾ അവിടുത്തെ നിത്യചുംബിതകുസുമങ്ങളെ കാണാനും പരിചയപ്പെടാനും കഴിഞ്ഞു. സദാചാരം ഒഴിഞ്ഞ സംസ്കാരത്തിന്റെ നന്മ അവിടെയാണ് ഞാൻ കണ്ടറിഞ്ഞത്. പിന്നെയൊരിക്കൽ ആ ലോകത്തെക്കുറിച്ച് എഴുതുകയും ചെയ്തു, കവിതയല്ല, കഥയുമല്ല, ഒരു കരഞ്ഞുതീർക്കൽ.

സിന്ധുലയുടെ കവിത ആദ്യം വായിച്ചപ്പോൾ തന്നെ ചെറിയ ഒരു പരിചയം തോന്നി. ആ ചെറിയ പരിചയം എന്റെ ചില കവിതകളുടെ രീതിയുമായുള്ള നന്നേ ചെറിയ ഒരു സാമ്യമാണ്. അത് വെറും ആന്തരിക താളത്തിൽ മാത്രമായിരിക്കാനാണ് സാധ്യത.

കവിതയെ കുറിച്ചുള്ള എന്റെ സ്വപ്നങ്ങളെല്ലാം സാധൂകരിക്കുന്ന, മൂർത്തീകരിക്കുന്ന കവിതയാണ് സിന്ധുലയുടെ എല്ലാ കവിതകളും. അതുകൊണ്ടു അത് എവിടെ കണ്ടാലും തപ്പിപ്പിടിച്ച് വായിക്കും. മറ്റു കവികളെല്ലാം ഇതുപോലെ മാത്രം എഴുതിയാലും എനിക്ക് പരാതി ഇല്ല. ചിലരെങ്കിലും ഇത് പോലെ എഴുതണേ എന്ന ആഗ്രഹവും ഉണ്ട്. എനിക്കോ? ഒരിക്കലും കഴിയില്ല എന്ന് ഉറപ്പുണ്ട്. അത് കൊണ്ടാണ് ഈ ആരാധനയും. എന്റെ മനസ്സിൽ ഒരു താരമാണ് ഈ കവി.

ഒരു കൊടുവാളും പിച്ചാത്തിയും ബ്ലേയ്‌ഡും ഒക്കെയായി കവിതയിലോട്ട് കടക്കുകയാണ്...

നിശ്ശബ്ദത തൂക്കിയിട്ട

ഈ phrase ൽ വലിയ ഒരു പാരഗ്രാഫ് ഒളിഞ്ഞിരിക്കുന്നു. നിശബ്ദത പാലിക്കുക എന്ന ബോർഡാണ് സാധാരണ തൂക്കിയിടാറുള്ളത്. അവിടെയുങ്ങും നിശബ്ദത ഉണ്ടാകാറുമില്ല. പക്ഷെ വേശ്യാത്തെരുവിലെ നെടുവീർപ്പുകൾ പോലും ശബ്ദമില്ലാതെയാണ്. തൂക്കിയിടുക എന്ന പ്രയോഗം തന്നെ ഒരു നിസ്സഹായതയെ ഓർമ്മിപ്പിക്കുന്നു. ഒരേ പെണ്ണിന്റെ, താര, അടുത്ത് കുറെ തവണ പോയ എന്റെ സുഹൃത്തിനോട് ഞാൻ പറഞ്ഞു ഒരു ദിവസം അവളെ പുറത്തു കൊണ്ടുപോയി നല്ല ആഹാരവും ഉടുപ്പും വാങ്ങി കൊടുക്കാൻ . അവനു സമ്മതം ആയിരുന്നു. അവൾക്കും. പക്ഷെ അവിടുത്തെ ചേച്ചി അവളെ വിട്ടില്ല. "വേറെ ആരെയെങ്കിലും വേണേൽ സാറ് കൊണ്ടുപോയ്ക്കോ. മലയാളികളൊക്കെയുണ്ട്. സാറിന് കൂടെ കൊണ്ട് പോകാൻ കൊള്ളാവുന്ന സുന്ദരികൾ. അവരുടെയൊക്കെ കടം വീടിയതാ. പോയാലും പൊയ്ക്കോട്ടേ. എങ്ങും പോകില്ല സാറെ. ഇങ്ങു മടങ്ങി വരും. അല്ലെങ്കിൽ പോലീസുകാര് കൊണ്ട് വരും. താര വന്നിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ. കടം വീടിയിട്ടില്ല. അവള് ഒരു പക്ഷെ പോയാലോ വല്ലോരും കൊണ്ടുപോയാലോ എനിക്ക് നഷ്ട്ടമാ. ഇരുപതിനായിരം രൂപ കൊടുത്ത് വാങ്ങിച്ചതാ. രാജസ്ഥാനിൽ നിന്ന്. പിന്നെ വേണേൽ വേറെ ഒരു പെണ്ണിനേം കൂട്ടി വിടാം."

"വാങ്ങിച്ചോ? എങ്ങിനെ?"

"കടം കേറിയപ്പോൾ കെട്ടിയോൻ തന്നെ വിറ്റു"

എന്റെ രാജ്യത്തെ കുറിച്ച് ഇനി ഞാനെന്തിന് അഭിമാനം കൊള്ളണം? അതായിരുന്നു ഞാൻ അപ്പോൾ ഓർത്തത് ... ഇനിയും കവിതയിൽ വരാം.


വേശ്യകളുടെ തെരുവിൽ
ഇരുട്ടിന്റെ മറപറ്റി
തീപിടിച്ച കാമത്തിന്റെ
ചങ്ങലക്കെട്ടുകൾ.

ഇത് കുറച്ചു cliche ആയിപ്പോയി, മാറ്റേണ്ടതാണ്

ഞരമ്പുകളിൽ കവിതയെഴുതി
ഉടലിനെ പൂവാക്കി
രതി ഞൊറിടുത്തുടുത്ത്

ഇത് cliche എന്ന് പറയാനില്ല,പക്ഷെ അസാധ്യം എന്നും പറയാനില്ല. അസാധ്യം എന്ന് പറയാവുന്നത് അടുത്ത വരികളാണ്.

ഒഴുക്ക് മരിച്ച ഇമകളാൽ വിലപേശി.

ഇനി

നോവിന്റെ നോമ്പെടുത്തവർ ഇരുട്ടിൽ തൂവലുകൾ
നിരന്തരം അടർന്ന്
മെതികഴിഞ്ഞ കറ്റപോൽ

ഈ ഇമേജുകളും ശ്രമിച്ചാൽ ഒരു കവിക്ക് കഴിയും,

പക്ഷെ ഇതോ?

ഇറ്റുപോയ ചുണ്ടുകളിൽ
പേരുകൾ മറന്നുപോയവർ നീട്ടിയിട്ട ചിന്തേരാൽ
ചാലുകീറിയ മെഴുകുതിരി

എന്റെ പരിമിതമായ അറിവിൽ ഈ വരികളെ ലോകോത്തരം എന്ന് തന്നെ പറയും.

ആറ്റിയെടുത്ത ശി
പംപോൽ
രൂപത്തിന്റെ പടം പൊഴിച്ച

ഇതും അങ്ങിനെ തന്നെ.

ശേഷമുള്ളതും സാധ്യമായ വരികളാണ്.

മെറ്റഫോറിന്റെ ഓരോ രീതികൾ മാത്രം.

കൂടുതൽ വരികളും സാധ്യമാണെങ്കിൽ പിന്നെ എങ്ങിനെയാണ് ഇതൊരു അസാധ്യ കവി ആകുന്നത് ?

അതിനു കാരണം great എന്ന് എനിക്ക് തോന്നുന്ന വരികളാണ്. നന്നായി കുറെ വെട്ടിക്കളഞ്ഞാൽ ബാക്കി വരുന്നത് മാത്രം മതി ആ ടൈറ്റിൽ നേടാൻ.

ആ വരികൾ എഴുതാൻ കഴിവുണ്ടെങ്കിൽ അത് മാത്രം എഴുതാൻ ശ്രമിച്ചാൽ മതിയല്ലോ. വലിയ എഴുത്തുകാരും തങ്ങളുടെ പത്തു ശതമാനം പോലും പുറത്ത് കാട്ടാറില്ല.

ആധുനിക കവിതയെ വിലയിരുത്തുന്നതിനെക്കുറിച്ച് ഞാൻ നേരത്തെ ഒരു ചെറുവിവരണം. അത് എന്റെ എഴുത്താണി എന്ന ബ്‌ളോഗിൽ വായിക്കാം.

അതിൽ പറഞ്ഞിരിക്കുന്ന നാല് അളവുകോലിനും മീതെ ഈ കവിതയും സിന്ധുലയുടെ എല്ലാ കവിതകളും പോകുന്നുണ്ട്.

നീട്ടുന്നില്ല
... 

കാവ്യരസവും കൗശലവും


താളവും ഈണവുമൊക്ക ഒരു വിധം ഒപ്പിച്ച് പദ്യം ചമയ്ക്കാൻ കഴിയുമെങ്കിലും കവിത ഞാൻ ഗൗരവമായി എടുത്തിട്ടേ ഇല്ല. ശൈലീപരമായി രചനയിൽ വളരെയധികം ശ്രദ്ധ ആവശ്യപ്പെടുന്ന ഒരു വിഭാഗമാണ് കവിത. അതിന് വേണ്ടത് ഒരു പ്രത്യേക മൈൻഡ് സെറ്റ് (mind set)ആണോ എന്നുപോലും തോന്നിയിട്ടുണ്ട്.
സൗന്ദര്യം നമ്മളിൽ ഒരു അത്ഭുതം ഉണ്ടാക്കും. കൗശലത്തിനും ഇതിനുള്ള കഴിവുണ്ട്. പ്രാസപ്രയോഗവും വൃത്തനിബദ്ധതയും കൗശലത്തിന്റെ തെളിവുകളാണ്. രണ്ടും അനുവാചകനെ സന്തോഷിപ്പിക്കും, ഏകദേശം സൗന്ദര്യം പോലെ തന്നെ. ഏകദേശം എന്നൊക്കെ ഒരു മയത്തിന് പറഞ്ഞെങ്കിലും ശരിക്കും അതൊരു വ്യത്യാസം തന്നെയാണ്.നിർഭാഗ്യവശാൽ സൗന്ദര്യത്തേക്കാൾ മലയാള കവിത എക്കാലത്തും കൊണ്ടാടിയത് ഈ കൗശലത്തെ തന്നെ ആയിരുന്നു.
കവിയാകാൻ തീരെ മോഹമില്ലെങ്കിലും കുട്ടികളെ പഠിപ്പിക്കുന്നതിനായി വൃത്തവും അലങ്കാരവും ഒക്കെ ഈയിടെ വീണ്ടും കുറെ പഠിച്ചു. കൂടുതലും ഇംഗ്ലീഷ് ക്‌ളാസ്സുകൾ ആയതുകൊണ്ട് ശീമയിലൊക്കെ എങ്ങനിനെയാണ് കവിതയെ വിലയിരുത്തുന്നതെന്നും കുറച്ചൊന്നു നോക്കി. എങ്കിലും ഇപ്പോഴും ഒരു കവിതയുടെ വില ശരിക്കും ബോധ്യമാകുന്നത് മറ്റുള്ളവർ കൂടി പറഞ്ഞു തരുമ്പോഴാണ് .
ഞാൻ മനസ്സിലാക്കിയ കുറച്ച് കാര്യങ്ങൾ താഴെ കൊടുക്കുന്നു.
കവിതയ്ക്ക് പൊതുവെ നാല് ഗുണങ്ങൾ ഉണ്ട്.
ഒന്ന് അതിന്റെ  പുതുമ തന്നെ. പുതുമ നിറഞ്ഞ ആശയങ്ങളിലൂടെയും ആസ്വാദനത്തിലൂടെയും മറ്റു രീതിയിലും നമ്മുടെ മനസ്സിനെ മാറ്റിമറിച്ച്  മുന്നേറുമ്പോൾ സ്വയം അത് പുതുക്കുക കൂടി ചെയ്യുന്നുണ്ട്. അതുകൊണ്ടു ഇന്നലത്തെ കവിത വായിക്കാം. എഴുതുന്നത് ഇന്നത്തെ കവിത തന്നെയാവണം. ആ പുതുമ കവികളുടെ ഇടയിൽ ആസ്വാദകരുടെ ഇടപെടലിലൂടെ ഉരുത്തിരിഞ്ഞു വരുന്ന ഒരു പുതുമയാണ്.
കടമ്മനിട്ട സംസ്കാരസമ്പന്നത എന്ന പുറംമോടി വെടിഞ്ഞ് സ്വാഭാവിക മനുഷ്യനേത്രങ്ങളിലൂടെ ജീവിതത്തെ കണ്ടപ്പോൾ ആശയത്തിൽ പുതുമയുണ്ടായി. അതിനൊത്ത് ഭാഷയിലും. കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത വാങ്മയചിത്രങ്ങൾ വരച്ചിടാൻ അങ്ങനെ അദ്ദേഹത്തിന് കഴിഞ്ഞു.
തോട്ടുവക്കത്തെ കൈതയ്ക്കകത്ത്
തെച്ചി പൂത്ത പടർപ്പിനകത്ത്
കാട്ടുതിന്നു കഴിയുന്ന വർഗ്ഗം
കാത്തിരിപ്പൂ കരുതി നടക്ക
എന്ന് കോഴി അതിന്റെ കുഞ്ഞിന് പറഞ്ഞു കൊടുക്കുമ്പോഴും
പലപ്പോള മിഴിതുറക്കെ
പ്ലാവേരും കായ്കൾ തൂക്കി
എന്നെഴുതി പഴഞ്ചൊല്ലിനെ പുതുചൊല്ലാക്കി മാറ്റുമ്പോഴും ഈ ആൽകെമി നമ്മൾ അറിയുന്നു.

രണ്ട്, അറിഞ്ഞുകൊണ്ട്, ഉദ്ദേശ്യലക്ഷ്യങ്ങളോടെയുള്ള ഭാഷയുടെ വേലിചാടലാകണം നല്ല കവിത. കേട്ട് പഴകിയ കാര്യങ്ങങ്ങൾക്കെല്ലാം മസ്തിഷ്‌കം തടയിട്ടിരിക്കുന്നു. പുതിയ മാർഗ്ഗങ്ങളിലൂടെ മാത്രമേ അതിനെ മറികടന്ന് മനസ്സിൽ എത്താൻ കഴിയൂ.
 മടിയിലിരിക്കുന്നു നീയെങ്കിലും നമ്മള്‍
മലകള്‍ക്കപ്പുറമുള്ള ഋതുക്കളാം
തളിര്‍ ചുവക്കുന്നൊരു ഗ്രീഷ്മ വനശാഖി
തരളനാം ഞാന്‍, നീ പൊഴിയും ഹിമ ഭീതി
(മിഥുനം) എന്ന് ഡി വിനയചന്ദ്രൻ പാടുമ്പോൾ അത് ചിന്തകളിലൂടെ എത്തിച്ചേരേണ്ട അർത്ഥതലങ്ങൾക്കപ്പുറമുള്ള ഒരു ലോകത്തേക്കാണ് നമ്മെ കവിത കാട്ടി വിളിക്കുന്നത്

മൂന്ന്, യുക്തിഭദ്രമായ ഭാഷയ്ക്ക് പകരം യുക്തിയുടെ വഴിയിൽ നിന്നും മാറി നടക്കുന്ന ബിംബങ്ങളാണ് കവിതയുടെ കരുത്ത്. പഞ്ചേന്ദ്രിയങ്ങളുടെ ബന്ധപ്പെട്ട അഞ്ചും ചലനങ്ങളുടെ ബന്ധപ്പെട്ട ഒരെണ്ണവും ചേർന്ന് ആറു തരം ബിംബങ്ങൾ ഉണ്ട്.
 ഇനിയുള്ള കാലങ്ങളിതിലേ കടക്കുമ്പോൾ
ഇതു കൂടിയൊന്നോർത്തു പോകും
എരിയാത്ത സൂര്യനും വിളറാത്ത ചന്ദ്രനും
വിറയാത്ത താരവും വന്നാൽ
അലറാത്ത കടൽ, മഞ്ഞിലുറയാത്ത മല
കാറ്റിലുലയാത്ത മാമരം കണ്ടാൽ
അവിടെൻ പരാജയം പണി ചെയ്ത സ്മാരകം
നിവരട്ടെ നിൽക്കട്ടെ സന്ധ്യേ
(രാത്രികൾ പകലുകൾ) എന്ന് അയ്യപ്പപ്പണിക്കർ എഴുതുമ്പോഴും
ഓമനചക്കയോടൊത്ത് തഴപ്പായിൽ
ഓര്മയുമായിനി നീ വസിക്കേ
(കൈതപ്പൂവിനോട്) എന്ന് വൈലോപ്പിള്ളി എഴുതുമ്പോഴും
ഹാ നെയ്തു ചെറുലൂതകളാശുനിന്റെ
ദേഹത്തിനേകി ചാരമാവണം ദുകുലം
(വീണപൂവ്) എന്ന് ആശാൻ എഴുതുമ്പോഴും ഈ ബിംബങ്ങളുടെ ഘോഷയാത്ര തന്നെ നാം കാണുന്നു

നാല്, ആകാര ഭംഗി. എന്തിനെയും പോലെ രൂപ സൗന്ദര്യവും ഒരു കവിതയ്ക്ക് ഉണ്ടാകണം. ഇത് ഒരു നിയതമായ രൂപമോ അല്ലെങ്കിൽ ഒരു കവിതയുടെ ശാക്തീകരണത്തിന് യോജിച്ച രൂപമോ ആകാം, കവിയുടെ ഇഷ്ടം പോലെ.
കാലുകളിൽ ചുറ്റിപ്പറ്റി,
നോട്ടമെറിഞ്ഞ്
ചുണ്ടിന്റെ കെട്ടഴിച്ച്
കവിളിഴഞ്ഞ്
ചുംബനങ്ങളുടെ വഴുക്ക്.!
കണ്ണടച്ച്,
കാതുകളെ ഉണർത്തി
ഉറക്കം കൂട്ടിവെച്ച്
തലച്ചുമടായി
കുറുകുന്ന ചർക്ക.!
(മാര്‍'ജാര' ചുംബനങ്ങള്‍) എന്ന് സിന്ധുല രഘു എഴുതുമ്പോൾ വരികളുടെ അടുക്കിൽ അര്ഥത്തിന്റെ അടരുകളുണ്ടെന്ന് നാം അറിയുന്നു
വഞ്ചിപ്പാട്ടിന്റെ താളത്തിനും വീരവിരാട കുമാര വിഭോ എന്നതിന്റെ കുമ്മി രീതിയിലും ഈ മേന്മയാണ്  നമ്മൾ കാണുന്നത്. 
ഇതൊന്നുമല്ലെങ്കിൽ പിന്നെ പദ്യം എന്നെ പറയാനാകൂ.
അതും വൃത്തത്തിൽ ആണെങ്കിൽ മാത്രം.
 ഗദ്യകവിതയെ ഉള്ളൂ, ഗദ്യപദ്യം ഇല്ല 

Wednesday, 5 June 2019

തീരങ്ങൾ തേടിഎന്ന കഥ ഒരു പഠനം


 Malu G Nair എഴുതിയ തീരങ്ങൾ തേടിഎന്ന കഥ ഒരു പഠനം

https://www.facebook.com/groups/178202792661812/permalink/599500770532010/

നാലുമാസമായി കയ്യിൽ കിട്ടുന്ന ചെറുകഥകളെല്ലാം വായിക്കുന്നുണ്ടായിരുന്നു
ഒടുവിൽ കഥകളെ പലതായി തരം തിരിച്ചു

1.ലോകോത്തര കൃതികൾ (മലയാളത്തിൽ ഇല്ലെന്നു വേണമെങ്കിൽ പറയാം)
2. ലബ്ധപ്രതിഷ്ഠരുടെ കൃതികൾ (print media അനുഗ്രഹിച്ചവ; ഗുണനിലവാരം ചൈനീസ് ഉൽപ്പന്നം പോലെ' കിട്ടിയാൽ കിട്ടി; കാലത്തെ അതിജീവിക്കില്ല )
3. നെറ്റിൽ വരുന്ന നല്ല കൃതികൾ (അപൂര്വങ്ങളിൽ അപൂർവ്വം; ആവർത്തന വിരസത, വിഷയദാരിദ്ര്യം, സീരിയൽ സിനിമ എന്നിവയിലുള്ള ആശ്രയത്വം, വായനക്കാരനോടുള്ള ബഹുമാനമില്ലായ്മ, വായനയുടെ കുറവ്, പുതുമയില്ലായ്മ, lack of exposure എന്നിവ കൊണ്ട് സമ്പുഷ്ടമായതു കാരണം print media അടുപ്പിക്കുന്നില്ല; വൈരൂപ്യത്തിന് കണ്ണാടി  ഉടയ്ക്കുന്നവർ )
4.Likes, comments  സമയം കൊല്ലൽ എന്നിവയയ്ക്കായുള്ള രചന (സ്വത്വവും അന്യരുടെയും) (നെറ്റ് നിറയെ)
5. സാഹിത്യത്തെ കുറിച്ച് യാതൊരു ധാരണയും ഇല്ലാതെ നിങ്ങൾക്ക് വേണമെങ്കിൽ വായിക്കൂ എന്ന പോലെ fb യിൽ എഴുതി വിടുന്നവ (തിരിച്ചറിയാൻ എളുപ്പം, കൊള്ളാമെന്നു പറഞ്ഞാൽ നന്ദി പറയില്ല, കൊള്ളില്ല എന്ന് പറഞ്ഞാൽ തെറി വിളിക്കും)

ഇതൊക്കെ ചേർത്ത് ഒരു ലേഖനം എഴുതാൻ ഇരുന്നപ്പോഴാണ് Malu G Nair എഴുതിയ തീരങ്ങൾ തേടി എന്ന കൃതി വായിക്കുന്നത്. എന്റെ പരാതി vanished into thin air.
കുറ്റങ്ങളൊക്കെ പിന്നെയാണ് കണ്ടെത്തിയത് എങ്കിലും അവ ആദ്യം എഴുതി ആ അദ്ധ്യായം അടയ്ക്കാം
ആവർത്തന വിരസത, സീരിയൽ സിനിമ എന്നിവയിലുള്ള ആശ്രയത്വം (വെറുതെ ഒരു ഭാര്യ, അസംഖ്യം സീരിയലുകൾ)
വിഷയ ദാരിദ്ര്യം, പുതുമയില്ലായ്മ (പഴയ തീം)
വായനക്കാരനോടുള്ള ബഹുമാനമില്ലായ്മ (വ്യാകരണ ചിഹ്നങ്ങളുടെ തെറ്റായ ഉപയോഗം, എത്ര വിരാമങ്ങൾ ആകാം?)

ഈ കുറ്റങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്ന ഒന്നുണ്ട്
എഴുത്തുകാരിയുടെ വായനയുടെ കുറവില്ലായ്മ. അത് ഈ കൃതിയിൽ വ്യക്തമാണ്
ഇങ്ങനെ വേണം കഥ എഴുതാൻ
ഘടന (structure)
 ''ദൈവമേ മണി ആറരയായിരിക്കുന്നു."
ഈ വാചകം കൊണ്ട് തന്നെ കഥയുടെ  മർമ്മം വെളിവാക്കിയിരിക്കുന്നു . മിടിക്കുന്ന ഘടികാരം മരണത്തിന്റെ പ്രതീകമാണ് . മാനസിക പിരിമുറുക്കങ്ങളുടെ പര്യായമാണ്. Dead line കഴുത്തിൽ കുരുങ്ങിയുള്ള പിടച്ചിലാണ്. ഇത് നമ്മളെല്ലാരും അനുഭവിക്കുന്ന ഒന്നായതുകൊണ്ടു കഥാപാത്രത്തെ അവതരിപ്പിക്കും മുന്നേ തന്നെ അവളുമായി താദാമ്യം പ്രാപിക്കാൻ കഴിയുന്നു . പെണ്ണുകാണാൻ പോകുമ്പോൾ പെണ്ണ് വരുന്നതിനു മുൻപ് അവൾ ഉണ്ടാക്കിയ ചായ കുടിക്കുന്ന പോലെ!

"എന്തു പറ്റിയതാണാവോ.... വല്ലാണ്ട് ഉറങ്ങിപ്പോയല്ലോ..... അനിയേട്ടൻ പറയും പോലെ വല്ലാതെ മടിച്ചിയാവണുണ്ടോ താൻ..... ആയിരിക്കും കുറച്ച് ദിവസായി ആകെയൊരു മന്ദത തുടങ്ങീട്ട്.... ക്ഷീണം പോലെ...."
ഈ ചെറുഖണ്ഡികയിൽ കഥയിലെ സംഘർഷം (conflict) വെളിവാക്കിയിരിക്കുന്നു. പാത്രസൃഷ്ടിയും നടന്നു കഴിഞ്ഞു. ഭർത്താവിന്റെ മാനസിക പീഡനം സഹിക്കാൻ കഴിയാത്തതാണ്  conflict . അത് സഹിക്കാൻ ശ്രമിക്കുന്നത് പാത്രസൃഷ്ടിയും

ഏഴാമത്തെ ചെറു ഖണ്ഡികയിൽ തന്നെ വില്ലൻ (ഹൃദയാഘാതം) കടന്നു വരുന്നു. Perfect Timing . നൂറോളം വരികൾ മാത്രം നീളമുള്ള ഈ കഥയിൽ പത്തു ശതമാനം ആയതേ ഉള്ളൂ . പക്ഷെ ആട്ടിൻതോലുമിട്ടാണ് ആ ചെന്നായ വരുന്നത് . നായിക അതിനെ നെഞ്ചിൽ ഒളിപ്പിക്കുകയും ചെയ്യുന്നു. Tension starts here. ഇതൊരു പാഠമാണ് വാണിംഗ് ഇല്ലാതെയാണ് റിയൽ ലൈഫിൽ പേടിപ്പിക്കേണ്ടത് . എന്നാൽ കഥയിൽ വാണിംഗ് കൊടുത്ത് കൊടുത്ത വേണ്ടത്ര പിരിമുറുക്കം  ഉണ്ടാക്കിയിട്ടേ പാമ്പിനെ വെളിയിൽ എടുക്കാവൂ . എത്ര വാണിംഗ് കൊടുത്തു പിരിമുറുക്കം ഉണ്ടാക്കിയാലും ഓ അങ്ങിനെയൊന്നും സംഭവിക്കില്ല അതോ സംഭവിക്കുമോ എന്ന split mind മാത്രമാണ് വായനക്കാരന്റെ വിധി
വില്ലന് ഒരു സൈഡ് കിക്ക്‌ വേണം, ഒരു കൊല്ലം തുളസി . അത് ഭർത്താവായി ഇവിടെ വരുന്നു
പിന്നെ ടെൻഷന്റെ ഗ്രാഫ് ഒരു കയറ്റം കയറുകയാണ്
പരിഹാരങ്ങൾ പ്രശ്നങ്ങളാവുന്നു
പിന്നെ അവസാനത്തെ പരിഹാരം മരണവും
First person point of view പോലെ തോന്നുമെങ്കിലും തേർഡ് പേഴ്സണിലാണ് കഥ പറഞ്ഞിരിക്കുന്നത് . എങ്കിലും കഥാകൃത്ത് ആ ഒരു വീക്ഷണകോണിൽ തന്നെ നിലയുറപ്പിച്ചിരുന്നു . ഇടയ്ക്ക് കയറി ഒരക്ഷരം പോലും ഉരിയാടുന്നില്ല . അടിസ്ഥാനമായി തേർഡ് പേഴ്സൺ ആയതുകൊണ്ട് സുജാത മരിച്ചെങ്കിൽ ഇതൊക്കെ ആര് പറഞ്ഞു എന്ന ചോദ്യം ഉണ്ടാകുന്നുമില്ല. കഥാകൃത്ത് സുജാതയുടെ കഥ പറയുകയാണല്ലോ . ഭാവനയ്ക്ക് അവിടെ സ്ഥാനമുണ്ട് .
ചിന്തകളിലൂടെയും സംഭാഷണങ്ങളോടെയും കഥ പറഞ്ഞ് അത്യാവശ്യത്തിനു മാത്രം narration ഉപയോഗിക്കുമ്പോൾ സംഘര്ഷങ്ങള് തുരു തുരാ വരുന്നു
യഥാർത്ഥ വില്ലനെ നമ്മൾ മറന്നു എന്ന് തോന്നുന്നിടത്തെല്ലാം നല്ല സമയബോധത്തോടെ ആ ജോക്കർ (ബാറ്റ്മാനിലെ ജോക്കർ ) കയറി വരുന്നു, നെഞ്ചുവേദന. കുണ്ടിക്ക് ഒരു നുള്ളു തന്ന് നമ്മെ സീറ്റിന്റെ തുമ്പിൽ ഇരുത്തുന്നു, ആകാംഷയോടെ.
ആദ്യത്തെ വരിയിൽ തന്നെ സുജാതയുടെ താദാമ്യം പ്രാപിച്ച് നമുക്കും നെഞ്ചുവേദന എപ്പോഴേ തുടങ്ങി

''പ്രണയമാവോളം നിറച്ച് നെറ്റിയിൽ നീണ്ടു നിൽക്കുന്ന ഒരുമ്മ തരുമായിരിക്കും..........""
ഈ ആണി അടിക്കുന്നത് നമ്മുടെ ശവത്തിലാണ്

അപ്പോൾ കഥാതന്തുവല്ല കാര്യം
എഴുതാനുള്ള കഴിവ് തന്നെയാണ് അതാണ് സർഗ്ഗപ്രതിഭ