Saturday, 8 June 2019

കാവ്യരസവും കൗശലവും


താളവും ഈണവുമൊക്ക ഒരു വിധം ഒപ്പിച്ച് പദ്യം ചമയ്ക്കാൻ കഴിയുമെങ്കിലും കവിത ഞാൻ ഗൗരവമായി എടുത്തിട്ടേ ഇല്ല. ശൈലീപരമായി രചനയിൽ വളരെയധികം ശ്രദ്ധ ആവശ്യപ്പെടുന്ന ഒരു വിഭാഗമാണ് കവിത. അതിന് വേണ്ടത് ഒരു പ്രത്യേക മൈൻഡ് സെറ്റ് (mind set)ആണോ എന്നുപോലും തോന്നിയിട്ടുണ്ട്.
സൗന്ദര്യം നമ്മളിൽ ഒരു അത്ഭുതം ഉണ്ടാക്കും. കൗശലത്തിനും ഇതിനുള്ള കഴിവുണ്ട്. പ്രാസപ്രയോഗവും വൃത്തനിബദ്ധതയും കൗശലത്തിന്റെ തെളിവുകളാണ്. രണ്ടും അനുവാചകനെ സന്തോഷിപ്പിക്കും, ഏകദേശം സൗന്ദര്യം പോലെ തന്നെ. ഏകദേശം എന്നൊക്കെ ഒരു മയത്തിന് പറഞ്ഞെങ്കിലും ശരിക്കും അതൊരു വ്യത്യാസം തന്നെയാണ്.നിർഭാഗ്യവശാൽ സൗന്ദര്യത്തേക്കാൾ മലയാള കവിത എക്കാലത്തും കൊണ്ടാടിയത് ഈ കൗശലത്തെ തന്നെ ആയിരുന്നു.
കവിയാകാൻ തീരെ മോഹമില്ലെങ്കിലും കുട്ടികളെ പഠിപ്പിക്കുന്നതിനായി വൃത്തവും അലങ്കാരവും ഒക്കെ ഈയിടെ വീണ്ടും കുറെ പഠിച്ചു. കൂടുതലും ഇംഗ്ലീഷ് ക്‌ളാസ്സുകൾ ആയതുകൊണ്ട് ശീമയിലൊക്കെ എങ്ങനിനെയാണ് കവിതയെ വിലയിരുത്തുന്നതെന്നും കുറച്ചൊന്നു നോക്കി. എങ്കിലും ഇപ്പോഴും ഒരു കവിതയുടെ വില ശരിക്കും ബോധ്യമാകുന്നത് മറ്റുള്ളവർ കൂടി പറഞ്ഞു തരുമ്പോഴാണ് .
ഞാൻ മനസ്സിലാക്കിയ കുറച്ച് കാര്യങ്ങൾ താഴെ കൊടുക്കുന്നു.
കവിതയ്ക്ക് പൊതുവെ നാല് ഗുണങ്ങൾ ഉണ്ട്.
ഒന്ന് അതിന്റെ  പുതുമ തന്നെ. പുതുമ നിറഞ്ഞ ആശയങ്ങളിലൂടെയും ആസ്വാദനത്തിലൂടെയും മറ്റു രീതിയിലും നമ്മുടെ മനസ്സിനെ മാറ്റിമറിച്ച്  മുന്നേറുമ്പോൾ സ്വയം അത് പുതുക്കുക കൂടി ചെയ്യുന്നുണ്ട്. അതുകൊണ്ടു ഇന്നലത്തെ കവിത വായിക്കാം. എഴുതുന്നത് ഇന്നത്തെ കവിത തന്നെയാവണം. ആ പുതുമ കവികളുടെ ഇടയിൽ ആസ്വാദകരുടെ ഇടപെടലിലൂടെ ഉരുത്തിരിഞ്ഞു വരുന്ന ഒരു പുതുമയാണ്.
കടമ്മനിട്ട സംസ്കാരസമ്പന്നത എന്ന പുറംമോടി വെടിഞ്ഞ് സ്വാഭാവിക മനുഷ്യനേത്രങ്ങളിലൂടെ ജീവിതത്തെ കണ്ടപ്പോൾ ആശയത്തിൽ പുതുമയുണ്ടായി. അതിനൊത്ത് ഭാഷയിലും. കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത വാങ്മയചിത്രങ്ങൾ വരച്ചിടാൻ അങ്ങനെ അദ്ദേഹത്തിന് കഴിഞ്ഞു.
തോട്ടുവക്കത്തെ കൈതയ്ക്കകത്ത്
തെച്ചി പൂത്ത പടർപ്പിനകത്ത്
കാട്ടുതിന്നു കഴിയുന്ന വർഗ്ഗം
കാത്തിരിപ്പൂ കരുതി നടക്ക
എന്ന് കോഴി അതിന്റെ കുഞ്ഞിന് പറഞ്ഞു കൊടുക്കുമ്പോഴും
പലപ്പോള മിഴിതുറക്കെ
പ്ലാവേരും കായ്കൾ തൂക്കി
എന്നെഴുതി പഴഞ്ചൊല്ലിനെ പുതുചൊല്ലാക്കി മാറ്റുമ്പോഴും ഈ ആൽകെമി നമ്മൾ അറിയുന്നു.

രണ്ട്, അറിഞ്ഞുകൊണ്ട്, ഉദ്ദേശ്യലക്ഷ്യങ്ങളോടെയുള്ള ഭാഷയുടെ വേലിചാടലാകണം നല്ല കവിത. കേട്ട് പഴകിയ കാര്യങ്ങങ്ങൾക്കെല്ലാം മസ്തിഷ്‌കം തടയിട്ടിരിക്കുന്നു. പുതിയ മാർഗ്ഗങ്ങളിലൂടെ മാത്രമേ അതിനെ മറികടന്ന് മനസ്സിൽ എത്താൻ കഴിയൂ.
 മടിയിലിരിക്കുന്നു നീയെങ്കിലും നമ്മള്‍
മലകള്‍ക്കപ്പുറമുള്ള ഋതുക്കളാം
തളിര്‍ ചുവക്കുന്നൊരു ഗ്രീഷ്മ വനശാഖി
തരളനാം ഞാന്‍, നീ പൊഴിയും ഹിമ ഭീതി
(മിഥുനം) എന്ന് ഡി വിനയചന്ദ്രൻ പാടുമ്പോൾ അത് ചിന്തകളിലൂടെ എത്തിച്ചേരേണ്ട അർത്ഥതലങ്ങൾക്കപ്പുറമുള്ള ഒരു ലോകത്തേക്കാണ് നമ്മെ കവിത കാട്ടി വിളിക്കുന്നത്

മൂന്ന്, യുക്തിഭദ്രമായ ഭാഷയ്ക്ക് പകരം യുക്തിയുടെ വഴിയിൽ നിന്നും മാറി നടക്കുന്ന ബിംബങ്ങളാണ് കവിതയുടെ കരുത്ത്. പഞ്ചേന്ദ്രിയങ്ങളുടെ ബന്ധപ്പെട്ട അഞ്ചും ചലനങ്ങളുടെ ബന്ധപ്പെട്ട ഒരെണ്ണവും ചേർന്ന് ആറു തരം ബിംബങ്ങൾ ഉണ്ട്.
 ഇനിയുള്ള കാലങ്ങളിതിലേ കടക്കുമ്പോൾ
ഇതു കൂടിയൊന്നോർത്തു പോകും
എരിയാത്ത സൂര്യനും വിളറാത്ത ചന്ദ്രനും
വിറയാത്ത താരവും വന്നാൽ
അലറാത്ത കടൽ, മഞ്ഞിലുറയാത്ത മല
കാറ്റിലുലയാത്ത മാമരം കണ്ടാൽ
അവിടെൻ പരാജയം പണി ചെയ്ത സ്മാരകം
നിവരട്ടെ നിൽക്കട്ടെ സന്ധ്യേ
(രാത്രികൾ പകലുകൾ) എന്ന് അയ്യപ്പപ്പണിക്കർ എഴുതുമ്പോഴും
ഓമനചക്കയോടൊത്ത് തഴപ്പായിൽ
ഓര്മയുമായിനി നീ വസിക്കേ
(കൈതപ്പൂവിനോട്) എന്ന് വൈലോപ്പിള്ളി എഴുതുമ്പോഴും
ഹാ നെയ്തു ചെറുലൂതകളാശുനിന്റെ
ദേഹത്തിനേകി ചാരമാവണം ദുകുലം
(വീണപൂവ്) എന്ന് ആശാൻ എഴുതുമ്പോഴും ഈ ബിംബങ്ങളുടെ ഘോഷയാത്ര തന്നെ നാം കാണുന്നു

നാല്, ആകാര ഭംഗി. എന്തിനെയും പോലെ രൂപ സൗന്ദര്യവും ഒരു കവിതയ്ക്ക് ഉണ്ടാകണം. ഇത് ഒരു നിയതമായ രൂപമോ അല്ലെങ്കിൽ ഒരു കവിതയുടെ ശാക്തീകരണത്തിന് യോജിച്ച രൂപമോ ആകാം, കവിയുടെ ഇഷ്ടം പോലെ.
കാലുകളിൽ ചുറ്റിപ്പറ്റി,
നോട്ടമെറിഞ്ഞ്
ചുണ്ടിന്റെ കെട്ടഴിച്ച്
കവിളിഴഞ്ഞ്
ചുംബനങ്ങളുടെ വഴുക്ക്.!
കണ്ണടച്ച്,
കാതുകളെ ഉണർത്തി
ഉറക്കം കൂട്ടിവെച്ച്
തലച്ചുമടായി
കുറുകുന്ന ചർക്ക.!
(മാര്‍'ജാര' ചുംബനങ്ങള്‍) എന്ന് സിന്ധുല രഘു എഴുതുമ്പോൾ വരികളുടെ അടുക്കിൽ അര്ഥത്തിന്റെ അടരുകളുണ്ടെന്ന് നാം അറിയുന്നു
വഞ്ചിപ്പാട്ടിന്റെ താളത്തിനും വീരവിരാട കുമാര വിഭോ എന്നതിന്റെ കുമ്മി രീതിയിലും ഈ മേന്മയാണ്  നമ്മൾ കാണുന്നത്. 
ഇതൊന്നുമല്ലെങ്കിൽ പിന്നെ പദ്യം എന്നെ പറയാനാകൂ.
അതും വൃത്തത്തിൽ ആണെങ്കിൽ മാത്രം.
 ഗദ്യകവിതയെ ഉള്ളൂ, ഗദ്യപദ്യം ഇല്ല 

No comments:

Post a Comment