ഫോണ്‍ വിളിച്ചു കൊണ്ടിരുന്നപ്പോൾ തന്നെ പിന്നിൽ നിന്ന് ആരോ വിളിക്കുന്നെന്നു തോന്നിയിരുന്നു. ഫോണ്‍ ചെയ്തു കഴിഞ്ഞപ്പോഴേക്കും വിളിച്ച ആൾ തൊട്ടു പിന്നിലെത്തി തോളിൽ തൊട്ടു.
ട്രീസ, എഞ്ചിനീയറിംഗിന് എന്റെ കൂടെ പഠിച്ച ബ്യൂട്ടി
ഓ മൈ ഗോഡ്. ഇവളെവിടുന്നു പൊട്ടിവീണു!
ആർ ഇ സി വിട്ടതിൽ പിന്നെ ഇവൾ എവിടെ മറഞ്ഞെന്നു ആർക്കും ഒരു പിടിയും ഉണ്ടായിരുന്നില്ല. ഫെയിസ്ബുക്ക് ഗ്രൂപ്പിലും വാട്ട്സ് ആപ്പിലും ഒന്നും കണ്ടിട്ടേ ഇല്ല. സ്റ്റേറ്റ്സിൽ നിന്നും തിരിച്ചു വന്നെന്നും ആള് പഴയ പോലൊന്നുമല്ലെന്നും നന്ദ ഒരിക്കൽ ചാറ്റ് ചെയ്തപ്പോൾ പറഞ്ഞിരുന്നു. ചെന്നയിൽ വെച്ചു അവർ തമ്മിൽ കണ്ടിരുന്നത്രേ.
ഒറ്റ നോട്ടത്തിൽ തന്നെ നന്ദ പറഞ്ഞത് എന്താണെന്ന് മനസിലായി.
ഒരു ഡാർക്ക് ഡെനിം സ്ലീവ് ലെസ്സ്ടോപ്പ്. അത് മുട്ടിനു മുകളിൽ വരെ കഷ്ടിച്ച് ഉണ്ടെന്നു പറയാം. അത് മാത്രമേ ഉള്ളൂ വസ്ത്രമായി. വടിവൊത്ത മിനുസമായ കാലുകളിൽ ക്രീം പുരട്ടിയതു പോലെ ഒട്ടിക്കിടക്കുന്ന സ്റ്റോക്കിങ്ങ്സ്. അരയടിയെങ്കിലും പൊക്കമുള്ള ഹീൽസ്. ബ്രൌണ്‍ സ്ട്രീക്സ് നിറഞ്ഞ സമൃദ്ധമായ മുടി.
"ഈ ബാഗ് ഒന്ന് നോക്കിക്കോ. ഞാൻ ടിക്കറ്റ് എടുത്തില്ല. ട്രെയിൻ ലേറ്റ് ആണോ" ഒരു ഇൻട്രോഡക്ഷനും ഇല്ലാതെ അവൾ പറഞ്ഞു.
"ട്രെയിൻ ലേറ്റ് അല്ല. വേണമെങ്കിൽ ഞാൻ ടിക്കറ്റ് എടുത്തു വരാം." ഞാൻ ഓഫർ ചെയ്തു
അത് കേൾക്കുന്നതിനു മുൻപ് അവൾ ഓടിക്കളഞ്ഞു. ഹൈഹീൽസും ഇട്ട് ഓടുന്നത് കാണാൻ രസമുണ്ട്. ചുറ്റുമുള്ളവർ എന്നെയും അവളെയും മാറി മാറി നോക്കുന്നു. വെറുതെയല്ല അവർ അസൂയപ്പെടുന്നത്. ട്രീസയെ കാണാൻ ഫാഷൻ ടീവിയിൽ നിന്ന് ഇറങ്ങി വന്നതുപോലെ ഉണ്ട്.
ഈശ്വരാ ജി എം വിളിച്ചപ്പോൾ പോയിരുന്നെങ്കിലോ. ഇതൊക്കെ മിസ്സ് ചെയ്തേനെ.
ടിക്കറ്റ് എടുക്കാൻ പോയ ട്രീസ ഉടനെ മടങ്ങി വന്നു. വെപ്രാളത്തിൽ ബാഗ് തുറന്നു പേഴ്സ് എടുക്കുന്നു. കാശില്ലാതെയാണോ ഇവൾ ടിക്കറ്റ് എടുക്കാൻ പോയത്?
"ഓ അവിടെ ചെയിഞ്ച് ഇല്ല. നീ സെക്കന്റ് എ സി തന്നെ അല്ലെ എടുത്തത്"
"അല്ല, തേർഡ് എ സി."
"ഓ ചോദിച്ചത് നന്നായി." പറഞ്ഞു തീരും മുന്നേ അവൾ പിന്നെയും ഓടി.
ഇത്തവണ അവളെ നോക്കിയില്ല. ചുറ്റും നിന്ന് അവളെ നോക്കുന്നവരെ മാത്രം ശ്രദ്ധിച്ചു.
ഒരമ്പതു വയസ്സ് പ്രായമുള്ളൊരാൾ ഭാര്യയും രണ്ടു മുതിർന്ന പെണ്മക്കളുമായി അവൾ നടന്നും ഓടിയും നീങ്ങുന്ന വഴിക്ക് തന്നെ നില്പ്പുണ്ട്. അവൾ കടന്നു പോകുമ്പോൾ അയാളും മക്കളും കുതിരപ്പന്തയത്തിൽ കടന്നു പോകുന്ന കുതിരകളെ നോക്കുന്ന പോലെ നോക്കുന്നു. ആ തള്ള മറുഭാഗത്തേയ്ക്കു നോക്കി എന്തോ പിറുപിറുക്കുന്നു.
എനിക്ക് ചിരി വന്നു.
മൂന്ന് നാല് പെണ്‍കുട്ടികൾ അവളെ നോക്കി എന്തോ തമ്മിൽ തമ്മിൽ പറയുന്നു. പിന്നെ ഞാൻ നില്ക്കുന്ന ഭാഗത്തേയ്ക്ക് നോക്കുന്നു. ഞാനവരെ ശ്രദ്ധിക്കുന്നു എന്ന് കണ്ട് തല കുനിയ്ക്കുന്നു.
എനിക്ക് നല്ല രസം തോന്നി. ഈ യാത്ര എന്തായാലും മറക്കാൻ കഴിയാത്തതാവും തീർച്ച.
കൊച്ചി വരെ നാലു മണിക്കൂറുണ്ട്. പതുക്കെപ്പതുക്കെ സംസാരിച്ച് കയ്യിലെടുക്കാൻ ധാരാളം സമയം.
കോളേജിൽ ഒരവതാരമായിരുന്നു ഇവൾ. ബറോഡയിലാണ് ജനിച്ചതെന്നും കല്ക്കട്ടയിലെ ലെ മാർട്ടിനെയിലായിരുന്നു പഠിച്ചതെന്നും അമ്മയുടെ രണ്ടാം വിവാഹത്തിലുള്ളതാണെന്നുമൊക്കെയുള്ള പൂർണ്ണ ബയോഡേറ്റ അവിടെ എല്ലാവർക്കും കാണാപ്പാഠമായിരുന്നു. പക്ഷെ അങ്ങിനെ ആരുമായി അവൾ അടുത്തതായി അറിയില്ല. അവളുടെ കൂടെ രണ്ടു ദിവസം ഊട്ടിയിൽ പോയിരുന്നെന്നും പൊള്ളാച്ചിയിൽ ആരുമറിയാത്ത ഒരു ഹോട്ടലിൽ കൊണ്ടുപോയി ഒരാഴ്ച താമസിപ്പിച്ചെന്നുമൊക്കെ കുറെ അവകാശ വാദങ്ങൾ കേട്ടിട്ടുണ്ട്. അതിലൊന്നും ഒരു കഴമ്പുമുണ്ടായിരുന്നില്ല.
സ്റ്റേറ്റ്സിൽ പോയിട്ട് വന്ന എല്ലാർക്കും എന്ത് മാറ്റം. കെ ജി വന്നപ്പോൾ അതിന്റെ കാരണം വിസ്തരിച്ചു. അന്ന് മാത്യൂ സാമുവലും അവനുമായി അടിയല്ലാത്തതെല്ലാം ഉണ്ടായി. മാത്യുവിന്റെ വൈഫ് ടോരന്റൊയിലാണ്. അവനെ യൊട്ടു കൊണ്ടുപോവുകയുമില്ല. ആരോ അത് തമാശയായി സൂചിപ്പിച്ചു. അതായിരുന്നു വഴക്കിനു കാരണം.
"അളിയാ ഈ ബി ജെ പി സന്യാസിമാരു പറയുന്നതുപോലൊന്നുമല്ല ജീവിതം. ഞാനെങ്ങനെ ജീവിക്കണം എന്ത് തിന്നണം ആരുടെ കൂടെ കിടക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശം എന്റെയല്ലേ. പിന്നെ കൂടെ കിടക്കണമെങ്കിൽ ആ പെണ്ണിന്റെ അനുവാദം കൂടെ വേണം. അല്ലാതെ എന്തോന്ന് മോറാലിറ്റി . മണ്ണാങ്കട്ട."
ലെനിൻ പ്രകാശും അന്നതിനോട് യോജിച്ചു.
"ഈ മോറാലിറ്റി പറയുന്നവന്മാരുടെ കഥ നമ്മളു പത്രത്തിൽ എന്നും വായിക്കുവല്ലേ"
ദേഷ്യമൊക്കെ പോയി തണുത്തപ്പോൾ രണ്ട് ലാർജ്ജും വിട്ടിട്ട് മാത്യൂ അന്നേരമേ മുങ്ങി. അവനു ഫീലു ചെയ്തുകാണും
അന്ന് രാത്രി മൊത്തം കെ ജിയുടെ കഥാപ്രസംഗമായിരുന്നു. ആ രാത്രി കഴിഞ്ഞപ്പോൾ ഒരു നിരാശ തോന്നി. കൂടെ പഠിച്ച മിക്കവരും വേറെ എതോ ദേശങ്ങളിലോക്കെ ചെന്നെത്തിയിരിക്കുന്നു. വീട് വിട്ട് പുറം ലോകം കണ്ടിട്ടില്ലാത്ത പെണ്‍കുട്ടികൾ പലരും കല്യാണം കഴിച്ചെത്തുന്നതു ന്യൂയോർക്കിലും പാരീസിലും.
നാട്ടിലാണെങ്കിൽ ശ്വാസം മുട്ടൽ കൂടിക്കൂടി വരുന്നു. തൊഴിൽ എന്ന് പേരെ ഉള്ളൂ. സത്യത്തിൽ അടിമപ്പണി തന്നെയാണ്. ഇന്നു തന്നെ GM ന്റെ മൂഡ് മോശമായിരുന്നെങ്കിൽ എന്ത് പറഞ്ഞിട്ടും കാര്യമില്ല പോകേണ്ടി വന്നേനെ. ഒരു സർക്കാരിനെയും നമ്പീട്ട് കാര്യമില്ല. അത് ഏതാണ്ട് ഒറപ്പായി.
ടിക്കറ്റുമായി ട്രീസ വന്നു. അതിനിടയ്ക്ക് അവൾ ചുണ്ടുകൾ ഒന്നുകൂടി ചുവപ്പിച്ചിരിക്കുന്നു. ക്യൂ നിന്നപ്പോൾ സാധിച്ചതായിരിക്കും. നീണ്ട നാലു മണിക്കൂർ. മനസ്സ് കൊണ്ട് അറിയാവുന്ന ദൈവങ്ങളെ ഒക്കെ വിളിച്ചു, ഈശ്വരന്മാരേ കൂടെ നിന്നോളണേ. നിങ്ങളുമൊക്കെ ഇങ്ങനെയല്ലേ.
വേറെ വേറെ സ്ഥലത്തായിരിക്കുമോ സീറ്റ് കിട്ടുക. അത് സാരമില്ല. ഹയർ ക്ലാസ് ആയതുകൊണ്ട് അതൊക്കെ ശരിയാക്കാം ആണുങ്ങൾ പറയുമ്പോഴേ ഉള്ളൂ TTR മസിലു പിടിയ്ക്കുന്നത്. മിക്ക TTR ഉം കിളവന്മാരാണ്. അത് തന്നെ കാരണം.
ട്രീസയെ കൊണ്ട് പറയിക്കാം . അപ്പോൾ പ്രശ്നമൊന്നുമില്ല
പ്ലാറ്റ്ഫോമിൽ കയറിയപ്പോൾ ട്രെയിൻ വന്നിട്ടില്ല. മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ ഒരു എക്സ്പ്രസ്സ് ട്രെയിൻ പുറപ്പെടാൻ തയ്യാറായി നില്ക്കുന്നു
ട്രീസ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് ഓടാൻ തുടങ്ങുന്നു.
പെട്ടെന്ന് എനിക്ക് ഒരു കാര്യം ഓർമ്മ വന്നു. ഞാൻ ചോദിക്കും മുൻപേ അവൾ അത് ചോദിക്കുകയും ചെയ്തു
"അശ്വിൻ എങ്ങോട്ടാ. കന്യാകുമാരിക്കല്ലേ?"
"ഞാൻ....ഞാൻ കൊച്ചിയിലേയ്കാ"
"ഓ മൈ ഗോഡ്. ഐ ഫോർഗോട്ട് റ്റു ആസ്ക് യൂ ദാറ്റ് . ഞാൻ പോട്ടെ. ട്രെയിൻ ദേ സ്റ്റാർട്ട് ആയി. ഇനിയും കാണാം. ബൈ. റ്റേയ്ക്ക് കെയർ."
എന്റെ മുഖം വാടിയതു കണ്ടിട്ടാകാം അവൾ ബാഗും എടുത്ത് നീങ്ങും മുൻപ് എന്നെ കെട്ടിപ്പിടിച്ചു.
ധൃതിയിൽ പടികൾ കയറി ഓവർബ്രിഡ്ജിലൂടെ അവൾ ഓടിയും നടന്നും നീങ്ങുന്നു.
ട്രെയിനിൽ കയുറും മുൻപ് അവൾ കൈ വീശി.
എ സി ആയതുകൊണ്ട് അകത്തു ചെന്നാലും അവൾക്കു വിൻഡോയിലൂടെ എന്നെ കാണാം .
എനിക്ക് കാണില്ല.
എന്റെ ട്രെയിൻ ഇന്നും ലേറ്റ് ആണെന്ന് തോന്നുന്നു.
കൊച്ചിയിലെത്തുമ്പോഴേയ്ക്കും മട്ടാഞ്ചേരിയ്ക്കുള്ള സെന്റ് ജോർജ്ജ് പോയിട്ടുണ്ടാവും.

No comments:
Post a Comment