Friday, 24 May 2019

നാനും ഒരു കതൈ സൊല്ലട്ടുമാ?



യാചകൻ എന്ന കഥ ചുരുക്കി പറയാം

(The Beggar by AntonChekhov, Russian writer who died  at  44 due to TB. കാരൂരിന്റെ കൃതികളെ ഏറെ സ്വാധീനിച്ചിട്ടുണ്ട്)

ലഷ്‌കോവ്  (Lushkov )എന്ന ഒരു ചെറുപ്പക്കാരൻ പല കാരണങ്ങൾ പറഞ്ഞ് സ്കോവോർട്സ് (Skvortov)എന്ന ഒരു വക്കീലിൽ നിന്നും കാശ് പിടുങ്ങാൻ ശ്രമിക്കുന്നു. വക്കീൽ അയാളെ കയ്യോടെ പിടിച്ചു. ജോലിയൊന്നും കിട്ടാത്തതാണ് തൻ ഇങ്ങനെ കളിപ്പീരിനിറങ്ങാൻ കാരണം എന്ന് ലഷ്‌കോവ് പറയുന്നു
അതുവെറുതെ ആണെന്നും ഉഴപ്പന്മാർ കള്ളന്മാരാണെന്നും തന്റെ വീട്ടിൽ വിറകുകീറാനുണ്ടെന്നും പറയുന്ന സ്കോവോർട്സ് തന്റെ വേലക്കാരി ഓൾഗയെ (Olga)വിളിച്ച് കീറാനുള്ള വിറക് കാണിച്ചു കൊടുക്കാൻ പറയുന്നു.
കുറെ കഴിഞ്ഞ് ഓൾഗ അയാളുമായി മടങ്ങി വന്നു വിറകു കീറി എന്ന് അറിയിക്കുമ്പോൾ വക്കീൽ അയാൾക്ക് അര റൂബിൾ കൂലിയായി കൊടുക്കുന്നു. എപ്പോൾ അര റൂബിൾ വേണമെങ്കിലും ഇവിടെ വന്നു വിറകു കീറിക്കൊള്ളാനും പറയുന്നു. അങ്ങനെ പലപ്പോഴും അയാൾ വന്നു. കൂലിയായി അര റൂബിൾ വീതം വക്കീൽ കൊടുക്കുകയും ചെയ്തു. ഒടുവിൽ വക്കീൽ അവിടെ നിന്നും വീട് മാറി പോയി. വീട് മാറുന്നതിന് കുറെയൊക്കെ സഹായിച്ചെങ്കിലും ലഷ്‌കോവ് വളരെ ദുഃഖിതനായി കാണപ്പെട്ടു. അന്നത്തെ കൂലിയായി വക്കീൽ അയാൾക്ക് ഒരു റൂബിൾ നൽകി. ജോലി ചെയ്തു ജീവിക്കാൻ ലഷ്‌കോവ് കാണിച്ച് തുടങ്ങിയ താത്പര്യം പരിഗണിച്ച്  അയാളെ വേറൊരു വക്കീലിന്റെ ഗുമസ്ഥനാക്കാൻ ഏർപ്പാട് ചെയ്തിട്ടാണ് വക്കീൽ ആ നാട്ടിൽ നിന്നും പോകുന്നത്.
വർഷങ്ങൾക്ക് ശേഷം വേറൊരു നഗരത്തിലെ നാടകശാലയിൽ നാടകം കാണാനെത്തിയ വക്കീൽ ആകെയുള്ള ഒരു സ്‌പെഷ്യൽ സീറ്റ് വേറെ ആരോ ബുക്ക് ചെയ്തു എന്നറിയുന്നു. അത്ര വലിയ മഹാൻ ആരെന്നറിയാൻ കാത്തുനിന്ന വക്കീലിന് സമീപം ലഷ്‌കോവ് തന്നെ  തേരുപോലെയുള്ള ഒരു കുതിരവണ്ടിയിൽ വന്നിറങ്ങുന്നു
വക്കീൽ അങ്ങോട്ട് ചെന്ന് പരിചയപ്പെടുത്തുന്നു. ഇനി അവരുടെ സംഭാഷണം:
കണ്ണ് നിറഞ്ഞു കൊണ്ട് വക്കീൽ: "അന്ന് നിന്നോട് ഞാൻ വളരെ കർക്കശമായി പെരുമാറിയെങ്കിലും നിനക്ക് അതുകൊണ്ടു ഗുണമുണ്ടായതിൽ ഞാൻ അഭിമാനം കൊള്ളുന്നു. ഒരാളെ മാറ്റിയെടുക്കുവാൻ കഴിയുന്നത് വലിയ പുണ്യമാണ്"
ലഷ്‌കോവ്, വളരെ ഉയർന്ന പെരുമാറ്റ മര്യാദകളോടെ: "സർ, താങ്കൾ ചെയ്ത ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല. ആ ഗുമസ്തപ്പണിയിൽ നിന്ന് ഉയർന്നുയർന്നു ഞാൻ ഒരു പബ്ളിക് നോട്ടറിയായതിന് കാരണക്കാരൻ താങ്കൾ തന്നെ. പക്ഷെ ക്ഷമിക്കണം സർ, ഞാൻ പാഠം പഠിച്ചത് അങ്ങയിൽ നിന്നല്ല. താങ്കളുടെ വീട്ടിൽ വേലയ്ക്കു നിന്ന ഓൾഗയാണ് എന്നെ മാറ്റിയെടുത്തത്"
വക്കീൽ, അമ്പരപ്പോടെ:" അതെങ്ങനെ?"
ലഷ്‌കോവ്: "താങ്കൾക്കറിയാമോ, ഒരിക്കലും ഞാൻ താങ്കളുടെ വീട്ടിൽ ഒരു തുണ്ടു വിറക് പോലും കീറിയിട്ടില്ല. ജോലി ചെയ്യാൻ മടിച്ച് ഞാൻ ആ വിറക് കൂനയ്ക്കടുത്ത് കൂനിക്കൂടിയിരിക്കും. അവർ എന്നെ വന്നു ചീത്ത വിളിക്കും. ഒടുവിൽ പ്രാകിക്കൊണ്ടു എനിക്കായി വിറകു കീറി ഇടും. "നശിച്ചവനേ, പോയി കാശു വാങ്ങിക്കോ" എന്ന് പറയും. എന്റെ ആത്മാവിനെ പോലും അവർ മാറ്റിക്കളഞ്ഞു. എങ്ങിനെയാണ് അവർ അത് സാധിച്ചതെന്ന് ഇന്നും എനിക്കറിയില്ല. നാടകം തുടങ്ങാറായി സർ, ഞാൻ പോകട്ടെ"

ആ വാക്കുകൾ പറഞ്ഞുകൊണ്ട് ലഷ്കർ വക്കീലിനെ താണ്  വണങ്ങി നാടകശാലയിലേയ്ക്ക് തിരിച്ചു.

ഈ കഥ ഞാൻ ഒരു നൂറു തവണയെങ്കിലും പല സദസ്സിലും വ്യക്തികളോടും പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് ഈ കഥ നമ്മെ ഇത്രയധികം ഇളക്കുന്നത്? അതിനു കാരണം ഇതിന്റെ ഒരു തുണ്ട് നമ്മുടെ ഉള്ളിൽ നേരത്തെ മറഞ്ഞു കിടക്കുന്നതു കൊണ്ടാണ്. ഓൾഗയുടെ നിസ്സാരമായ ത്യാഗത്തിന്റെയും നിസ്സാരമല്ലാത്ത സ്നേഹത്തിന്റെയും കഥ പറഞ്ഞ് സമർത്ഥമായി ചെക്കോവ് നമ്മുടെ ഉള്ളിൽ  നിന്നും മറഞ്ഞു കിടക്കുന്ന  മറ്റൊരു  വലിയ ത്യാഗത്തിന്റെ കഥ ചൂണ്ടയിട്ട് പിടിക്കുന്നു. മനസ്സിൽ നടക്കുന്ന ഈ ചൂണ്ടയിടീൽ മസ്തിഷം അറിയുന്നില്ല. അതുകൊണ്ടു അതിന് നമ്മുടെ കണ്ണുനീർ  ന്യായീകരണങ്ങൾ ഉയർത്തി തടയുവാൻ കഴിയുന്നില്ല. നാം കരഞ്ഞു പോകുന്നു.
എന്താണ് നമ്മുടെ ഉള്ളിൽ നിന്നും ചെഖോവ് ചൂണ്ടയിട്ട് പിടിച്ചെടുക്കുന്ന ആ ദിവ്യാംശം. ചാൾസ് ഡിക്കെൻസ് തന്റെ "ഇരുനഗരങ്ങളുടെ കഥ" (A Tale of Two Cities) എന്ന നോവലിൽ ഉദ്ധരിച്ച ഒരു വാചകം ശ്രദ്ധിക്കുക: Greater love hath no man than this, that a man lay down his life for his friends. (ജോൺ 15 :13 (തൻ സഹജീവിക്ക് തന്നുയിർ പോലുമേ സ്നേഹത്തൊടങ്ങു കൊടുക്കുന്നതാരുവാൻ (എന്റെ വിവർത്തനം!)
അതെ, മറ്റുള്ളവരുടെ പാപങ്ങൾക്കായി സ്വയം കുരിശിലേറാൻ തയാറായ യേശുദേവന്റെ കഥയാണ് ഓൾഗയിലൂടെ ചെഖോവ് ചൂണ്ടയിട്ടെടുത്തത്. മരിച്ചു പോയ മകനെ ജീവിപ്പിക്കാൻ മരണം നടക്കാത്ത വീട്ടിൽ നിന്നും കടുക് വാങ്ങാൻ പറഞ്ഞു വിട്ട അമ്മ വെറും കയ്യോടെ തിരിച്ചു വന്നപ്പോൾ ശ്രീബുദ്ധനെ കൊണ്ട് കുമാരനാശാൻ പറയിച്ചതും മറ്റൊന്നല്ല. "കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നെങ്കിൽ എന്റെ ജീവൻ ത്യജിച്ചും ഞാൻ അത് ചെയ്യുമായിരുന്നല്ലോ. മരണമെല്ലാരേയും ബാധിക്കുമെന്ന് നിങ്ങളെ ബോധ്യം വരുത്തനാണ് കടുക് വാങ്ങാൻ നിങ്ങളെ പറഞ്ഞു വിട്ടത്." (ശ്രീബുദ്ധചരിതം)
ഇങ്ങനെയാണ് വാക്കുകൾ കൂട്ടിച്ചൊല്ലാൻ കഴിവുള്ള സാഹിത്യകാരന്മാർ ദൈവജ്ഞരായി മാറുന്നത്.
നമ്മുടെ ഉള്ളിലുള്ള ലോകത്തെ പുറത്തെടുത്ത  നമുക്ക് തന്നെ കാട്ടിത്തരുന്നത്.

നമുക്കും ആ വഴിക്കൊന്നു ചിന്തിച്ചാലോ?






No comments:

Post a Comment