ചെറുകഥകളും കവിതകളുമൊക്കെ എത്ര എഴുതിയിട്ടും ഒരു കാര്യവുമില്ല. ഒരു നോവൽ എഴുതിയാലെ നിങ്ങൾ ഒരു ഫുൾ എഴുത്തുകാരനാണെന്ന് നാട്ടുകാരും കൂട്ടുകാരുമൊക്കെ അംഗീകരിക്കൂ. അതിന്റെ കാരണം ലളിതമാണ് കഥയും കവിതയും ഒന്നും എഴുതാൻ ഒരു ഫുൾ നോവൽ എഴുതുന്ന പോലെ നീണ്ടകാലയളവ് വേണ്ട.
എഴുതാനുള്ള ആവേശമൊക്കെ അൽപ്പായുസ്സാണ്. ഒന്നോ രണ്ടോ ദിവസമൊക്കേ നിന്നെന്നിരിക്കൂ. അതിനുള്ളിലൊക്കെ ഒന്നോ രണ്ടോ കഥയോ ഒരു ഡസൻ കവിതയോ നടക്കും. നോവലിന് ഒരു മാസമൊക്കെ വേണം. അത്രയും കാലം ആരംഭശൂരത്വം നിൽക്കണമെന്നുണ്ടെങ്കിൽ അത് വെറും ശൂരത്വം ആയിരിക്കില്ല. നിങ്ങൾ രണ്ടും കൽപ്പിച്ച് തന്നെയാണ്. ഈശ്വരാ രക്ഷിക്കണേ, ഇവൻ എഴുത്തുകാരൻ തന്നെ, സംശയമില്ല.
എനിക്കും തോന്നി ഒരു നോവൽ എഴുതിക്കളയാമെന്ന്. കാര്യം വേറെ ഒന്നുമല്ല. എഴുതാൻ അത്രയ്ക്കങ്ങ് ആവേശം ഉണ്ടായിട്ടൊന്നുമല്ല. വേറെ ഒരാളുടെ പേരിൽ ഒരു നോവൽ എഴുതിക്കൊടുത്താൽ കാശ് തരാമെന്നു പറഞ്ഞു. എന്റെ രണ്ട് മാസത്തെ ശമ്പളം! എപ്പോ എഴുതീന്ന് ചോദിച്ചാ മതി
ഒരു ഡിസംബർ വെക്കേഷൻ. പത്ത് ദിവസം ഉണ്ട്. പകുതി എങ്കിലും ആക്കിയാൽ പിന്നെ ഒരു ഇരുപതു ദിവസം എടുത്താൽ തീർക്കാം. ഇംഗ്ലീഷിലാണ്. അതുകൊണ്ട് ഹിന്ദു പത്രത്തിന്റെ എഡിറ്ററെ തന്നെ തിരുത്താൻ ഏർപ്പാടാക്കി. ഇംഗ്ലീഷ് മാഷൊക്കെയാണ് കാര്യം ഉള്ളത് തന്നെ. തെറ്റു വരുത്തുന്നതിൽ ഒട്ടും പിശുക്ക് ഞാൻ കാണിക്കാറില്ല. ഒരു പ്ലാനും പദ്ധതിയും ഉണ്ടാക്കി എടുത്ത്. അത് സന്തോഷപൂർവ്വം എന്റെ സ്നേഹിതർക്കായി ഇവിടെ ഷെയർ ചെയ്യുന്നു.
തീം പുള്ളിക്കാരൻ തന്നെ പറഞ്ഞു. അത് ഇവിടെ പറയുന്നത് ഞങ്ങൾ തമ്മിലുള്ള എഗ്രിമെന്റിന്റെ ലംഘനമാണ്.
അതുകൊണ്ടു വേറെ ഒരു നോവൽ ഉദാഹരണമായി സ്വീകരിക്കുന്നു. ഈ നോവൽ പ്രൈവറ്റ് സ്കൂൾ അധ്യാപകരുടെ ജീവിതത്തെ കുറിച്ചാണ്. വിധവയായ ഒരു അധ്യാപികയും അവരുടെ കുട്ടിയുടെ തീരെ ചെറുപ്പക്കാരനായ ഒരു കമ്പ്യൂട്ടർ ടീച്ചറും തമ്മിലുള്ള പ്രണയമാണ് കഥാതന്തു. അദ്ധ്യാപകരുടെ ജീവിതമാണ് എനിക്ക് പറയേണ്ടത്. എനിക്ക് നേരിട്ടറിയാവുന്ന കുറെ ഗ്രീക്ക് ട്രാജഡികൾ സ്‌കൂളുകളിൽ ഉണ്ടായിട്ടുള്ളത് അറിയാം. ഗുരുവിനോടുള്ള ബഹുമാനമെന്നൊക്കെ പറയുന്നത് വെറുതെ. കഷ്ടമാണ് അവരുടെ ജീവിതം . തുണിക്കടയിലെ സെയിൽസ് ഗേൾസിന് കിട്ടുന്ന ശമ്പളം പോലുമില്ല. പ്രണയകഥ അതിനുള്ള ഒരു എസ്ക്യൂസ് മാത്രം .
ആദ്യം കഥാപാത്രങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി. പേപ്പറിൽ എഴുതിയിട്ടു. അവരെ ആ പ്രണയകഥയിലും പരിസരത്തും വേണ്ടപോലെ തിരുകി കയറ്റി. പിന്നെ ഈ കഥയെ ഒരു പാരഗ്രാഫ് ആയി എഴുതി. സിനിമയുടെ കഥ ചുരുക്കി എഴുതുന്ന പോലെ. വർത്തമാന കാലത്തിലാണ് ആഖ്യാനം. ഇങ്ങനെ എഴുതുമ്പോൾ വാചകങ്ങൾക്ക് ഒരു പ്രത്യേകത വേണം . അവ ഒന്നിൽ നിന്ന് ഒന്നിലേക്ക് ഒഴുകരുത് . ഓരോ വാചകവും സ്റ്റാൻഡ് aloof ആയിരിക്കണം . 'അങ്ങനെ, അതുകൊണ്ടു, ഉടനെ, തത്‌ഫലമായി, എന്നിട്ടും, അതിനുശേഷം' എന്നിങ്ങനെയുള്ള വാക്കുകൾ (discourse markers) ഉപയോഗിക്കരുത്. ഈ ഓരോ വാചകവും നിങ്ങളുടെ ഓരോ പാരഗ്രാഫ് ആണ് . ഞാൻ ഒരു രസത്തിനായി ഓരോ അധ്യായത്തിനും ഒരു പ്രത്യേക രീതിയിൽ പേരും ഇട്ടു. ഓരോ പേരും ഒരു സ്‌കൂളിലെ ഓരോ മുറികളും സ്ഥലങ്ങളുമാണ്. ഒരു സ്ഥലത്ത് വെച്ച് രണ്ടു സംഭവങ്ങൾ ഉണ്ടാകാത്ത രീതിയിൽ rearrange ചെയ്തു.
പിന്നെയും ഓരോ വാചകത്തിലും ചില മിനുക്കു പണികൾ ഒക്കെ നടത്തി. അതുകഴിഞ്ഞ് ഈ ഓരോ വാചകവും താഴെ താഴെ എഴുതി. ഓരോന്നിനും നേരെ ആ അധ്യായത്തിന്റെ പേര് പ്രധാന വികാരം ലക്‌ഷ്യം എന്നിവ കുറിച്ചിട്ടു .
1. സ്‌കൂൾ തുറക്കുന്ന ദിവസം. പരിചയപ്പെടൽ . അവധിക്കാല വിശേഷങ്ങൾ തിരക്കൽ. വാർത്തകൾ എന്നിവ .
(സ്റ്റാഫ് റൂം -- സന്തോഷം --കഥാപാത്രങ്ങളെ അവതരിപ്പിക്കൽ)
2 . ലേഖയുടെ കുട്ടി മറിഞ്ഞുവീണു തലപൊട്ടുന്നു. അനീഷ് കുട്ടിയ്ക്ക് ഫസ്റ്റ് എയ്ഡ് കൊടുക്കുന്നു . ലേഖ കുട്ടിയേയും കൂട്ടി ആശുപത്രിയിലേയ്ക്ക് (പ്ലേയ് ഗ്രൗണ്ട്-- ഭയം-- ആദ്യത്തെ കോൺഫ്ലിക്റ്റ് )
ഇങ്ങനെ പോകുന്നു 30 വരികൾ. അതുകഴിഞ്ഞ് ആകെ ഈ വരികൾ ഒന്ന് മാറ്റി മറിച്ചു. ഫ്ലാഷ് ബാക്ക് ഒക്കെ ചേർത്തു . മൂന്ന് അദ്ധ്യായങ്ങൾ മുറിച്ച് ഏഴാക്കി.
ഇതൊക്കെ ഒരുദിവസം ഉച്ചകൊണ്ട് കഴിഞ്ഞു . ഊണും കഴിഞ്ഞ് കിടന്നുറങ്ങി . വൈകിട്ട് ഉണർന്ന് ചായയും കുടിച്ച് നടക്കാൻ പോയി . ഹോ ഒരു നോവലിസ്റ്റ് ആണ് ഈ വരുന്നത് . വേണേൽ പരിചയപ്പെടാം. വിരോധമില്ല .
അടുത്ത ദിവസം നല്ല കട്ടിയുള്ള A4 ഷീറ്റുകളുമായി എഴുതാൻ ഇരുന്നു. തലേന്നത്തെ പേപ്പറിൽ നിന്ന് ആദ്യത്തെ വരി ഒരു പുതിയ ഷീറ്റിന്റെ ടോപ്പിൽ പകർത്തി എഴുതി .
പിന്നെ അന്നുമൊത്തം അത് പരത്തി അങ്ങെഴുതി . അടുത്ത ദിവസം രണ്ടാമത്തെ വരിയല്ല വിവരിച്ചത് . ആവേശം കയറി 17 മത്തെ അധ്യായം എഴുതി. അങ്ങനെ 46 ദിവസം കൊണ്ട് അത് തീർത്തു. 55,000 വാക്കുകൾ .
ഈ നോവൽ ഇതുവരെയും പ്രസിദ്ധീകരിച്ചില്ല . ഇംഗ്ലീഷ് നോവൽ വിറ്റു കാശാക്കി. അയാൾ അതുകൊണ്ടുപോയി സ്വന്തം പേരിൽ ഇറക്കി കാശു കളഞ്ഞു കാണും . ഇതൊക്കെ ആര് കാശുകൊടുത്തു വാങ്ങാൻ ! കഴിഞ്ഞ ഓണത്തിന് ഒരു നോവലെറ്റും എന്റെ പേരിൽ തന്നെ പ്രസിദ്ധീകരിച്ചു. വരികക്കാർ നല്ല കാശ് തന്നു . എഴുതിത്തുടങ്ങുന്ന കാലത്ത് എഴുതിക്കിട്ടുന്ന കാശുകൊണ്ട് ഒരു ഷീഫേഴ്‌സ് പേന വാങ്ങണം എന്നായിരുന്നു വലിയ സ്വപ്നം .
ചുരുക്കട്ടെ
ഇങ്ങനെ ഒരു പ്ളാൻ വെച്ച് എഴുതിയാൽ കണ്ടിന്യൂയിറ്റി പോകില്ല . കൃത്യമായി പണി നടക്കും . ഗ്രൂപ്പുകളിലും എഴുതാം . പിന്നെ പുസ്തകം ആകാമല്ലോ
അപ്പോൾ തുടങ്ങുവല്ലേ
No comments:
Post a Comment